തിരുവനന്തപുരം: ദേശീയ പുരസ്കാരത്തിനു പിന്നാലെ സലീംകുമാറിനെ തേടി സംസ്ഥാന പുരസ്കാരവുമെത്തി. ദേശീയതലത്തില്‍ പുരസ്കൃതമായ ആദാമിന്റെ മകന്‍ അബുവിലൂടെ തന്നെ സലീംകുമാര്‍ സംസ്ഥാനതലത്തിലും മികച്ച നടനായി. കമല്‍ സംവിധാനം ചെയ്ത ഗദ്ദാമയിലെ അഭിനയത്തിന് കാവ്യാ മാധവനെ മികച്ച നടിയായും തെരഞ്ഞെടുത്തു. സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവാണ് മികച്ച സിനിമ. ഇലക്ട്ര സംവിധാനംചെയ്ത ശ്യാമപ്രസാദ് മികച്ച സംവിധായകനുമായി. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് ആണ്. ജൂറി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.ബി.ഗണേശ്കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച ഹാസ്യനടനുള്ള പുരസ്കാരത്തിന് ഒരുനാള്‍ വരും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സുരാജ് വെഞ്ഞാറമൂട് അര്‍ഹനായി. ആത്മകഥ എന്ന ചിത്രം സംവിധാനംചെയ്ത പ്രേംലാല്‍, യുഗപുരുഷനില്‍ ശ്രീനാരായണഗുരുവിനെ അവതരിപ്പിച്ച തലൈവാസല്‍വിജയ്, ചിത്രസൂത്രത്തിന്റെ സംവിധായകന്‍ വിപിന്‍ വിജയ് എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. മികച്ച രണ്ടാമത്തെ കഥാചിത്രമായി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ നടനായി ബിജുമേനോനെ(ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി)യും നടിയായി മമ്മ്താ മോഹന്‍ദാസി (കഥ തുടരുന്നു)നെയും തെരഞ്ഞെടുത്തു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ആദാമിന്റെ മകന്‍ അബുവിന്റെ തിരക്കഥ രചിച്ച സലീം അഹമ്മദിനാണ്. മികച്ച നവാഗത സംവിധായകനായി ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി സംവിധാനം ചെയ്ത മോഹന്‍രാഘവനെ തെരഞ്ഞെടുത്തു.
മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഷഹനാദ് ജലാല്‍(ചിത്രസൂത്രം), എം.ജെ.രാധാകൃഷ്ണന്‍(വീട്ടിലേക്കുള്ള വഴി) എന്നിവര്‍ പങ്കിട്ടു. മികച്ച ബാലതാരം കൃഷ്ണകുമാര്‍(ജാനകി), മികച്ച കഥാകൃത്ത് മോഹന്‍ ശര്‍മ്മ(ഗ്രാമം), ഗാനരചയിതാവ് റഫീക്ക് അഹമ്മദ്(സദ്ഗമയ), ഗാന വിഭാഗത്തില്‍ മികച്ച സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍(ചിത്രശലഭമേ…..കരയിലേക്ക് ഒരു കടല്‍ ദൂരം), പശ്ചാത്തല സംഗീതവിഭാഗത്തില്‍ മികച്ച സംഗീത സംവിധായകന്‍ ഐസക് തോമസ് കോട്ടുകാപ്പള്ളി(ആദാമിന്റെ മകന്‍ അബു, സദ്ഗമയ), പിന്നണിഗായകന്‍ ഹരിഹരന്‍(പാട്ടു പാടുവാന്‍ മാത്രം…..പാട്ടിന്റെ പാലാഴി), മികച്ച പിന്നണി ഗായിക രാജ ലക്ഷ്മി(ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ…….ജനകന്‍), മികച്ച ക്ലാസിക്കല്‍ സിംഗര്‍ ഡോ.ബാലമുരളീകൃഷ്ണ(ഗ്രാമം), ചിത്രസംയോജകന്‍ സോഭിന്‍ കെ.സോമന്‍(പകര്‍ന്നാട്ടം), കലാസംവിധായകന്‍ കെ.കൃഷ്ണന്‍കുട്ടി(യുഗപുരുഷന്‍), ശബ്ദലേഖകന്‍ ശുഭദീപ് സെന്‍ഗുപ്ത, അജിത് എം.ജോര്‍ജ്ജ്(ചിത്രസൂത്രം), മികച്ച പ്രോസസിംഗ് ലബോറട്ടറി പ്രസാദ് കളര്‍ലാബ്(വീട്ടിലേക്കുള്ള വഴി), മികച്ച മേക്കപ്മാന്‍ പട്ടണം റഷീദ്(യുഗപുരുഷന്‍). വസ്ത്രാലങ്കാരത്തിന് യുഗപുരുഷന്‍, മകരമഞ്ഞ് എന്നീ ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ച എസ്.ബി.സതീശന്‍ പുരസ്കാരത്തിനര്‍ഹനായി. റിസബാവയും പ്രവീണയുമാണ് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. കര്‍മ്മയോഗിയും ഇലക്ട്രയുമാണ് ചിത്രങ്ങള്‍. മകരമഞ്ഞിന്റെ കോറിയോഗ്രാഫി നിര്‍വഹിച്ച മധുഗോപിനാഥും സജീവ് വക്കവും ആ വിഭാഗത്തില്‍ പുരസ്കാരം നേടി.
മികച്ച സിനിമാ ഗ്രന്ഥമായി രണ്ടു പുസ്തകങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോസ്.കെ.മാനുവേല്‍ രചിച്ച തിരക്കഥാ സാഹിത്യം സൗന്ദര്യവും പ്രസക്തിയും, പി.എസ്.രാധാകൃഷ്ണന്‍ രചിച്ച ചരിത്രവും ചലച്ചിത്രവും ദേശീയ ഭാവനയുടെ ഹര്‍ഷമൂല്യങ്ങള്‍ എന്നിവയാണ് പുരസ്കൃതമായത്. പതിനാല് പുസ്തകങ്ങളാണ് ജൂറിയുടെ പരിഗണനയില്‍ വന്നത്. മികച്ച സിനിമാ ലേഖനത്തിനുള്ള പുരസ്കാരവും രണ്ടുപേര്‍ പങ്കിട്ടു. എന്‍.വി.സുജിത് കുമാര്‍(നൊസ്റ്റാള്‍ജിയ നിര്‍മ്മിക്കപ്പെടുന്നത്), ഡോ.ബിജു(കൊല്ലരുത് സംവിധായകരെ) എന്നിവര്‍ക്കാണ് പുരസ്കാരം.
Discussion about this post