തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു. ബി.ജെ.പിക്ക് ലഭിക്കേണ്ട ചില ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ സി.പി.എമ്മിന് ലഭിച്ചുവെന്നും വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തിയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് എല്‍.ഡി.എഫിന് ഇത്രയും സീറ്റ് ലഭിക്കാന്‍ കാരണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേമത്തും മഞ്ചേശ്വരത്തും സി.പി.എം-യു.ഡി.എഫ് ധാരണയുണ്ടായി. ഇതാണ് ബി.ജെ.പിക്ക് തിരിച്ചടിയായതെന്നും മഞ്ചേശ്വരത്ത് പാര്‍ട്ടിക്ക് 2500 വോട്ട് കുറവുണ്ടായിട്ടുണ്ടെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.
ബി.ജെ.പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ പലതും നഷ്ടമായത് വി.എസിനോടുള്ള ജനങ്ങളുടെ താല്‍പര്യം മൂലമാണെന്നും അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടം ഇല്ലായിരുന്നെങ്കില്‍ എല്‍.ഡി.എഫിന് ഇത്രയും വോട്ട് കിട്ടില്ലായിരുന്നെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി 140 മണ്ഡലങ്ങളിലും വിലയിരുത്തല്‍ യോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post