ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ ഡി.എം.കെ. എം.പി.യും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സി.ബി.ഐ. പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കനിമൊഴിയെയും കലൈഞ്ജര്‍ ടി.വി. എം.ഡി. ശരത്കുമാറിനെയും തിഹാര്‍ ജയിലിലേക്കയച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സ്‌പെക്ട്രം കേസില്‍ സി.ബി.ഐ. ഏപ്രില്‍ 25ന് ഫയല്‍ ചെയ്ത രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഇരുവരും ഉള്‍പ്പെടുന്നത്. സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് കലൈഞ്ജര്‍ ടി.വി. 200 കോടി രൂപ കോഴപ്പണം കൈപ്പറ്റിയെന്നാണ് കേസ്. കലൈഞ്ജര്‍ ടി.വി.യില്‍ കനിമൊഴിക്കും ശരത്കുമാറിനും 20 ശതമാനം വീതം ഓഹരിയുണ്ട്.
സ്ത്രീയെന്ന പരിഗണന നല്‍കി കനിമൊഴിക്ക് ജാമ്യം അനുവദിക്കണമെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംജേഠ് മലാനി സി.ബി.ഐ. കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ആ പരിഗണന നല്‍കാനാവാത്തവിധം ഗൗരവകരമായ കേസാണിതെന്ന് ജാമ്യാപേക്ഷ നിരസിച്ചുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.
Discussion about this post