തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയിലെ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സമ്മേളന ഹാളില്‍ രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കര്‍ എന്‍. ശക്തന്‍ മുഖ്യമന്ത്രിയടക്കമുള്ള അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അക്ഷരമാലക്രമത്തിലാണ് 140 എം.എല്‍.എമാരുടെയും സത്യപ്രതിജ്ഞ നടന്നത്. ചടങ്ങ് രണ്ടുമണിക്കൂറിലധികം നീണ്ടു.
വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ജി. കാര്‍ത്തികേയനാണ് യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. എല്‍.ഡി.എഫിന്‍േറത് എ.കെ. ബാലനും. സര്‍ക്കാരിന് വെറും നാലുവോട്ടിന്റെ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ എം.എല്‍.എമാരുടെ വോട്ട് അസാധുവായാല്‍ അത് നിര്‍ണായകമായിരിക്കും.
കേരള നിയമസഭയുടെ ചരിത്രത്തില്‍ പലവട്ടം സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവായിട്ടുണ്ട്. 1977-ല്‍ ചാക്കീരി അഹമ്മദ്കുട്ടിയെ തിരഞ്ഞെടുത്തപ്പോള്‍ പ്രതിപക്ഷത്തുനിന്ന് ഒരുവോട്ട് അസാധുവായി. 1982-ല്‍ വക്കം പുരുഷോത്തമന്‍ സ്പീക്കറായപ്പോഴും ഇതായിരുന്നു സ്ഥിതി. 1985-ല്‍ വി.എം. സുധീരനെ തിരഞ്ഞെടുത്തപ്പോള്‍ പ്രതിപക്ഷത്തുനിന്ന് രണ്ടുവോട്ട് അസാധുവായി. 2001-ല്‍ വക്കം പുരുഷോത്തമന്‍ സ്പീക്കറായപ്പോള്‍ പ്രതിപക്ഷത്തുനിന്ന് രണ്ടുവോട്ട് വക്കത്തിന് ലഭിക്കുകയും ചെയ്തു.
സാധാരണയായി സ്പീക്കര്‍ സ്ഥാനാര്‍ഥികളും പ്രോടെം സ്പീക്കറും വോട്ടുചെയ്യാറില്ല. എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം കുറവുള്ളപ്പോഴൊക്കെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും പ്രോടെം സ്പീക്കറും വോട്ട് ചെയ്യാറുണ്ട്. ഇത്തവണയും ഇവരൊക്കെ വോട്ട് ചെയ്യാനാണ് സാധ്യത. രഹസ്യബാലറ്റാണ് കീഴ്‌വഴക്കം. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് വിപ്പ് നല്‍കാറില്ല.
ഡെപ്യൂട്ടി സ്പീക്കറെ 24 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ലൂഡിലൂയിസും എം.എല്‍.എമാര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. മുമ്പ് നാലുതവണ മാത്രമാണ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി എം.എല്‍.എമാര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിക്ക് വോട്ടുണ്ട്.
Discussion about this post