എടമുട്ടം: ദുരിതമനുഭവിക്കുന്ന മാറാരോഗികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായകമാകാന്‍ പത്ത് ഏക്കറില്‍ ഹരിതസാന്ത്വനം പദ്ധതി നടപ്പാക്കുന്നു. ചാരിറ്റബിള്‍ പാലിയേറ്റീവ് പരിചരണ സ്ഥാപനമായ ആല്‍ഫ പെയിന്‍ക്ലിനിക്കിന്റെ രോഗികള്‍ക്ക് സാന്ത്വനമേകാനാണ് ഈകാര്‍ഷിക പദ്ധതി നടപ്പാക്കുന്നത്. വിവിധ കാര്‍ഷിക വകുപ്പുകളെ സംയോജിപ്പിച്ച് സര്‍ക്കാര്‍ ഏജന്‍സിയായ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നിക്കല്‍ മാനേജ്‌മെന്റ് ഏജന്‍സി(ആത്മ)യുടെ നേതൃത്വത്തില്‍ 24നാണ് പദ്ധതി ആരംഭിക്കുന്നത്.
ചികിത്സകൊണ്‌ട് സാധാരണ ജീവിതത്തിലേയ്‌ക്ക് തിരിച്ച് വരാനാവാത്ത തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ച് പാലിയേറ്റീവ് പരിചരണം തേടുന്ന രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും കൃഷിഅനുബന്ധ പദ്ധതികളിലൂടെ സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‌കാനാണ് ലക്ഷ്യമിടുന്നത്.ആല്‍ഫയുടെ നേതൃത്വത്തില്‍ 3000ത്തിലധികം രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും ഹോംകെയര്‍, കിടത്തിചികിത്സ എന്നിവയും പുനരധിവാസ പ്രവര്‍ത്തനങ്ങളും നല്‌കുന്നുണെ്‌ടന്ന് ചെയര്‍മാന്‍ കെ.എം നൂറുദീന്‍ വ്യക്തമാക്കി.
വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിലൂടെ രോഗികള്‍ക്ക് മാനസികമായ സന്തോഷവും ശാരീരികമായ ഉന്മേഷവും ലഭിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. 24ന് രാവിലെ 10ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എ പദ്ധതി ഉദ്‌ഘാടനം ചെയ്യും.ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസന്ത മഹേശ്വരന്‍ അധ്യക്ഷത വഹിക്കും.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജെസി പി.ജേക്കബ് പദ്ധതി വിശദീകരണം നടത്തും. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മേഴ്‌സി തോമസ്, മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എം.രാജന്‍, കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ ഡോ.കോശി ഏബ്രഹാം, ഡയറി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് മാത്യു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് മാത്യു, എആര്‍എസ് തലവന്‍ യു.ജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
Discussion about this post