കൊച്ചി: ദേശീയപാത വികസനത്തിന് സ്ഥലം നല്‍കുന്നവര്‍ക്ക് നഷ്‌ടപരിഹാരവും പുനരധിവാസവും സാധ്യമാക്കുന്നതിന് കേരളത്തിലെ വ്യവസായങ്ങള്‍ സമര്‍പ്പിത നിധിക്ക് രൂപം നല്‍കണമെന്ന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.കെ. കപില നിര്‍ദേശിച്ചു. കേരളത്തിലെ ദേശീയപാത വികസനം നേരിടുന്ന വെല്ലുവിളികള്‍� എന്ന വിഷയത്തില്‍ കേരള ഡവലപ്‌മെന്റ് ഫോറവും കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രിയും ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ചാസായാഹ്നത്തില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു കപില. റോഡിനായുള്ള കുടിയൊഴിപ്പിക്കല്‍ ഏറ്റവും മാനുഷികമായും സഹാനുഭൂതിയോടെയുമാണ് നടപ്പാക്കേണ്‌ടത്. ഇതിനാവശ്യമായ അധികച്ചെലവ് സാമൂഹ്യപ്രതിബദ്ധതയോടെ ഏറ്റെടുക്കാന്‍ വ്യവസായങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പ്രതിവര്‍ഷം അയ്യായിരത്തിലേറെ പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. ഇതുമൂലമുണ്‌ടാകുന്ന സാമ്പത്തിക നഷ്‌ടം 600 കോടി രൂപ വരുമെന്നാണ് വിലയിരുത്തല്‍. ദേശീയതലത്തില്‍ 75000 കോടി രൂപയാണ് റോഡപകടങ്ങളില്‍ മനുഷ്യജീവന്‍ പൊലിയുന്നത് മൂലമുണ്‌ടാകുന്ന നഷ്‌ടം. സുരക്ഷിതമായ റോഡുകളും സുരക്ഷിതമായ ഗതാഗതവും ഇല്ലാത്തത് മൂലമാണ് ഇത്രയും നഷ്‌ടമുണ്‌ടാകുന്നത്. നാലുവരിപ്പാത കൊണ്‌ടു മാത്രം സുരക്ഷിതമായ ഗതാഗതം സാധ്യമാകില്ലെന്നും സര്‍വീസ് റോഡുകള്‍ കൂടിയേ തീരൂവെന്നും കപില ചൂണ്‌ടിക്കാട്ടി.
പോള്‍ നീരാളിക്കു പോലും പ്രവചനാതീതമായ ചിന്താഗതിയാണ് കേരളത്തിലെ രാഷ്‌ട്രീയക്കാരുടേതെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന കെ.എം. റോയ് ചൂണ്‌ടിക്കാട്ടി. വികസനം വേണെ്‌ടന്ന് പറഞ്ഞ് സര്‍വകകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്‌ട ഏക സംസ്ഥാനം കേരളമാണ്. വിപണിവിലയേക്കാള്‍ ഇരട്ടിത്തുക കൊടുത്ത് സ്ഥലം ഏറ്റെടുത്ത് റോഡ് വികസനം നടപ്പാക്കിയാല്‍ അതൊരു നഷ്‌ടമല്ലെന്ന് തിരിച്ചറിയാനുള്ള ദീര്‍ഘവീക്ഷണം രാഷ്‌ട്രീയക്കാര്‍ക്കുണ്‌ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
വല്ലാര്‍പാടം, വിഴിഞ്ഞം കണെ്‌ടയ്‌നര്‍ ടെര്‍മിനലുകള്‍ യാഥാര്‍ഥ്യമാകുന്നതോടെയുള്ള ട്രക്ക് ഗതാഗതം കൂടി ഉള്‍ക്കൊള്ളണമെങ്കില്‍ കേരളത്തില്‍ ആറുവരിപ്പാത അനിവാര്യമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം എം.എല്‍.എ അഭിപ്രായപ്പെട്ടു.
ദേശീയപാത വികസനത്തില്‍ കേരളം മാത്രം പിന്നിലായിപ്പോകുന്നതിന്റെ ആശങ്കകള്‍ പങ്കുവയ്‌ക്കുന്നതിനായി 25ഓളം സംഘടനകളുടെ കൂട്ടായ്‌മയായാണ് കേരള ഡവലപ്‌മെന്റ് ഫോറം ചര്‍ച്ചാസായാഹ്നം സംഘടിപ്പിച്ചത്. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രി അടക്കമുള്ള വാണിജ്യ വ്യവസായ മണ്‌ഡലങ്ങളും കെട്ടിട നിര്‍മാണ മേഖലയിലെ വിവിധ സംഘടനകളുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്‌റ്റ്‌സ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്‌ടന്റ്‌സ് ഇന്ത്യ തുടങ്ങിയ പ്രൊഫഷണല്‍ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കാളികളായി. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ആറുവരിപ്പാതകള്‍ കണ്‌ട് നെടുവീര്‍പ്പിടാന്‍ മാത്രമാണ് കേരളീയര്‍ക്ക് കഴിയുന്നതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പാതയുടെ അനിവാര്യത ബോധ്യപ്പെടുത്തുന്നതിന് പകരം എതിര്‍പ്പുകള്‍ അഭിമുഖീകരിക്കാതെ പിന്‍വാങ്ങുന്നത് വികസനോന്മുഖ സര്‍ക്കാരിന് ഭൂഷണമല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്‌ടിക്കാട്ടി.
Discussion about this post