കൊച്ചി: കേരളത്തില്‍ ആദ്യമായി താക്കോല്‍ദ്വാര വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ എറണാകുളം ലേക്‌ഷോര്‍ ആസ്പത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ രണ്ടാമത്തെയും ലോകത്തെതന്നെ മൂന്നാമത്തെയും ശസ്ത്രക്രിയയാണിതെന്ന് ആസ്പത്രി എംഡി ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ അവകാശപ്പെട്ടു.
കണ്ണൂര്‍ സ്വദേശിനിയായ 35കാരി ബീനാകുമാരിക്കാണ് ഏപ്രില്‍ 27ന് നടന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവച്ചത്. ഇവരുടെ സഹോദരിയുടെ വൃക്കയാണ് ഇതിനായി ഉപയോഗിച്ചത്. യൂറോളജി വിഭാഗം മേധാവി ഡോ. ജോര്‍ജ് പി. ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ദാതാവില്‍നിന്ന് വൃക്കയെടുക്കുന്നത് സാധാരണയാണെങ്കിലും വൃക്ക വച്ചുപിടിപ്പിക്കുന്നതിന് ഇത്തരം ശസ്ത്രക്രിയ ആദ്യത്തെതാണെന്ന് ഡോ. ജോര്‍ജ് പി.ഏബ്രഹാം പറഞ്ഞു. വലിയ മുറിവുകള്‍ മൂലമുള്ള ബുദ്ധിമുട്ടുകളില്ലെന്നതും പരമാവധി രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ ആസ്പത്രി വിടാമെന്നുള്ളതും ഇത്തരം ശസ്ത്രക്രിയകളുടെ സവിശേഷതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗിയുടെ വയറില്‍ അഞ്ച് താക്കോല്‍ദ്വാരങ്ങളും ആറു സെന്‍റീമീറ്റര്‍ നീളത്തിലുള്ള ഒരു മുറിവുമാണ് ശസ്ത്രക്രിയക്കായി ഉണ്ടാക്കുക.
ആദ്യശസ്ത്രക്രിയയുടെ വിജയത്തെത്തുടര്‍ന്ന് ബുധനാഴ്ച മറ്റൊരു ശസ്ത്രക്രിയകൂടി ആസ്പത്രിയില്‍ നടത്തിയതായും അധികൃതര്‍ പറഞ്ഞു. സ്‌പെയിനില്‍ കഴിഞ്ഞവര്‍ഷമാണ് ഇത്തരത്തില്‍ ലോകത്താദ്യമായി ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ആറുമാസംമുന്‍പ് അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കിഡ്‌നി ഡിസീസിലായിരുന്നു ഇന്ത്യയില്‍ ഇത്തരത്തിലെ ആദ്യത്തെ ശസ്ത്രക്രിയ.
ഡോ. ജോര്‍ജ് പി. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാര്‍ച്ചില്‍ അഹമ്മദാബാദ് സന്ദര്‍ശിച്ച് ശസ്ത്രക്രിയയെപ്പറ്റി നടത്തിയ വിശദപഠനത്തിനുശേഷമാണ് ലേക്‌ഷോറില്‍ ഇത് നടപ്പാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വംനല്‍കിയ ഡോ. എബി ഏബ്രഹാം, ഡോ. മോഹന്‍ മാത്യു, ഡോ. കൃഷ്ണമോഹന്‍ രാമസ്വാമി, ഡോ. കൃഷ്ണനു ദാസ്, ഡോ. ജിഷ ജോണ്‍ ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post