– ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
`ബ്രാഹ്‌മണോസ്യ മുഖമാസീത്
ബാഹൂ രാജന്യഃ കൃതഃ
ഊരൂ തദസ്യ യദൈ്വശ്യഃ
പദ്‌ഭ്യാം ശൂദ്രോജായത.’
(പുരുഷസൂക്തം)
ഒരു ശരീരത്തില്‍ വ്യാപിച്ചിരിക്കുന്ന ചൈതന്യസ്വരൂപിയായ ജീവനെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് മാറ്റി നിര്‍ത്തി വ്യക്‌തിത്വം നല്‌കാനാവില്ല. ശരീരത്തില്‍ ഇന്ദ്രിയങ്ങള്‍ പലതുണ്ട്. എന്നാല്‍ ഏതിന്ദ്രിയത്തിനുണ്ടാകുന്ന വേദനയും വ്യക്തിയുടെ വേദനയായല്ലാതെ അനുഭവിക്കാനാവില്ല. കൈയ്‌ക്കോ, കാലിനോ വരുന്ന വേദന അതതു ഭാഗങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. പാദത്തിനും തുടയ്‌ക്കും ഭുജത്തിനും ഉണ്ടാകുന്ന വേദനയും ശരീരത്തെ മുഴുവന്‍ ബാധിക്കുന്നു. മറ്റെല്ലാ അവയവങ്ങളുടെയും ശ്രദ്ധ വേദനയുള്ള ഭാഗത്തിന്റെ രക്ഷയ്‌ക്കുവേണ്ടി കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ചുരുക്കത്തില്‍ പാദത്തിലായാലും ഭുജത്തിലായാലും ഉണ്ടാകുന്ന വേദന വ്യക്തിയുടെ മൊത്തത്തിലുള്ള വേദനയായിത്തീരുന്നു. വ്യക്തിയില്‍നിന്ന് അന്യമായി ഭുജത്തെയോ പാദത്തെയോ കാണുവാനാവില്ല. പാദം താഴ്‌ന്നതാണെന്നും ഭുജം ഉയര്‍ന്നതും ബലവത്തുമാണെന്നുമുള്ള വ്യത്യാസത്തിന് ഇവിടെ സ്ഥാനമില്ല. കാണുക, കേള്‍ക്കുക, രുചിക്കുക, മണക്കുക തുടങ്ങിയുള്ള അറിവുകള്‍ വെളിപ്പെടുത്തുന്നതു മുഖമാണ്. വിജ്ഞാനത്തിന്റെ ഉപാധികളായ ജ്ഞാനേന്ദ്രിയങ്ങള്‍ മുഖത്തിരിക്കുന്നതാണിതിനു കാരണം. ഈ ഇന്ദ്രിയങ്ങളുടെ മുഴുവന്‍ വിഷയങ്ങളെ സ്വരൂപിച്ചാണു മനസ്സുണ്ടായത്. ശരീരത്തിലെ എല്ലാ കര്‍മങ്ങള്‍ക്കും തീരുമാനമെടുക്കുന്ന ബുദ്ധി ഏതെങ്കിലും അംഗത്തോടു പക്ഷപാതമനോഭാവം കാണിക്കുന്നില്ല. താഴെ ചെളി നിറഞ്ഞ പാതയിലൂടെ കുണ്ടും, കുഴിയും താണ്ടി, കല്ലും മുള്ളും തരണം ചെയ്‌തു, മുറിവുകളും വേദനകളും സഹിച്ച് മുന്നോട്ടുപോകുന്ന കാലിനെ നോക്കി പരിഹസിക്കുവാന്‍ കണ്ണു തയ്യാറാകുന്നില്ല. കാലില്‍ തറയ്‌ക്കുന്ന മുള്ള് പറിച്ചെടുക്കുന്നതിന് തയ്യാറാകുന്നത് ഭുജങ്ങളും അതു കാട്ടിക്കൊടുക്കുന്നത് കണ്ണുകളുമാണ്. വേദനാസൂചകമായ കണ്ണീരുണ്ടാകുന്നതും കണ്ണിലല്ലേ. ശരീരത്തിലൂടെ വിളംബരം ചെയ്യപ്പെടുന്ന ഈ അന്യോന്യ സേവനമനോഭാവം ജീവനും ശരീരവും തമ്മിലുള്ള സാമാന്യമായ ബന്ധത്തില്‍നിന്ന് ഉണ്ടായതാണ്. വിശേഷപ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്ന അവയവങ്ങളൊന്നും ഈ സാമാന്യനിയമത്തെ ലംഘിക്കുന്നില്ല. മാത്രമല്ല, ജീവനും ശരീരവും തമ്മിലുള്ള ബന്ധത്തെ ഉറപ്പിക്കുവാനും നിലനിര്‍ത്തുവാനും, ദശേന്ദ്രിയങ്ങളും ദശപ്രാണന്മാരും അവരവരുടെ സേവനം നല്‌കിക്കൊണ്ടിരിക്കുന്നു. പരസ്‌പരമാത്സര്യത്തിനു ഇവയിലൊന്നുപോലും ഒരിക്കലും തുനിഞ്ഞിട്ടില്ല. ശരീരജീവന്മാരുടെ ബന്ധത്തിലുള്ള ഏകത്വത്തെ നിലനിര്‍ത്തുവാന്‍ വിവിധ കര്‍മങ്ങള്‍ ഏറ്റെടുത്തു നടത്തുന്നവരാണു ശരീരകുടുംബത്തിലെ അംഗങ്ങള്‍. മാത്സര്യത്തെ ഒഴിവാക്കിയും ഏകത്വത്തെ നിലനിര്‍ത്തിയുമുള്ള സേവനാടിസ്ഥാനമാണ് പ്രപഞ്ചശരീരത്തിലാകമാനം നാം കാണുന്നത്. പ്രത്യേകം ജോലികള്‍ ചെയ്യുന്ന അവയവങ്ങളൊന്നും ജോലിയുടെ സ്വഭാവവ്യത്യാസംകൊണ്ടു മത്സരിക്കുന്നവയല്ല. ഉയര്‍ന്ന ജോലിയെന്നും താഴ്‌ന്ന ജോലിയെന്നുമുള്ള വ്യത്യാസവും അവിടെ ഇല്ല. പലതും ഒന്നിലേക്കും ഒന്നു പലതിലേക്കും എന്ന നിയമത്തെ ആദരിച്ചും അനുസരിച്ചുമാണ് ഈ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നത്. വര്‍ഗവര്‍ണവിവേചനമൊന്നും അവിടെ കാണുന്നില്ല.
(തുടരും)
Discussion about this post