ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ വൈകിച്ചാല്‍ ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് അന്ന ഹസാരെ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ബില്‍ വൈകിക്കുകയാണെങ്കില്‍ ആഗസ്ത് 16 മുതല്‍ താന്‍ മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്ന് ഹസാരെ അറിയിച്ചു. താന്‍ നടത്തുന്നത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. പ്രധാനമന്ത്രിയെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ സത്യാഗ്രഹം നടത്തിയ ബാബ രാംദേവിനെതിരെ സര്‍ക്കാറെടുത്ത നടപടികളില്‍ പ്രതിഷേധിച്ച് രാജ്ഘട്ടില്‍ സത്യാഗ്രഹം നടത്തുകയാണ് ഹസാരെ.
രാംലീല മൈതാനത്ത് നടന്ന പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണ്. രാത്രി ഉറങ്ങുന്നവരെ ആക്രമിക്കുന്നത് ജനാധിപത്യത്തെ കൊല്ലുന്നതിന് തുല്യമാണ്. സമരം ചെയ്യുന്നവര്‍ക്ക് അതിനുള്ള യോഗ്യത വേണമെന്നും ഹസാരെ പറഞ്ഞു.
രാവിലെ പത്ത് മണിയ്ക്ക് രാജ്ഘട്ടിലെത്തിയ ഹസാരെ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും അല്പസമയം പ്രാര്‍ത്ഥിക്കുകയും ചെയ്തതിന് ശേഷമാണ് രാജ്ഘട്ടിന് തൊട്ടുപുറത്തുള്ള റോഡരികില്‍ കെട്ടിയിട്ടുള്ള പന്തലില്‍ സത്യാഗ്രഹം ആരംഭിച്ചത്.
കിരണ്‍ ബേദി, ശാന്തിഭൂഷണ്‍, സ്വാമി അഗ്നിവേശ് തുടങ്ങിയ പ്രമുഖരും ഹസാരെയ്‌ക്കൊപ്പം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരപ്പന്തലിനടുത്ത് കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിരിക്കുന്നത്.
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ജന്തര്‍മന്തറില്‍ സത്യാഗ്രഹത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹസാരെ സത്യഗ്രഹം രാജ്ഘട്ടിലേയ്ക്ക് മാറ്റിയത്.
വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരിക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹി രാംലീലാ മൈതാനത്ത് സത്യാഗ്രഹസമരം നടത്തിയ ബാബ രാംദേവിനെയും അനുയായികളെയും ശനിയാഴ്ച അര്‍ധരാത്രിയോടെ പോലീസ് നീക്കം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ലോക്പാല്‍ സംയുക്തസമിതിയുടെ തിങ്കളാഴ്ചത്തെ യോഗത്തില്‍ നിന്ന് പൊതുസമൂഹപ്രതിനിധികളായ അന്ന ഹസാരെ, ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍, സന്തോഷ് ഹെഗ്‌ഡെ എന്നിവര്‍ വിട്ടുനിന്നു.
Discussion about this post