തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കത്തയച്ചു. രാജ്യരക്ഷയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിലാണ് സസ്‌പെന്‍ഷന്‍. ദേശീയ അന്വേഷണ ഏജന്‍സി തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തുകയാണ്. അന്വേഷണം പൂര്‍ത്തിയാവുംമുമ്പ് തച്ചങ്കരിയെ തിരിച്ചെടുത്താല്‍ അന്വേഷണം വഴിതെറ്റാനും കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ടെന്ന് വി.എസ്. കത്തില്‍ ചൂണ്ടിക്കാട്ടി.
തച്ചങ്കരി അനധികൃതമായി വിദേശയാത്ര നടത്തുകയും അതുസംബന്ധിച്ച് അന്വേഷണം വന്നപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. വിദേശത്തുവെച്ച് രാജ്യാന്തര കുറ്റവാളികളുമായി ഗൂഢാലോചന നടത്തിയെന്ന് അംബാസഡര്‍തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് എന്‍.ഐ.എയുടെ അന്വേഷണം നടക്കുന്നതുകൊണ്ടാണ് സസ്‌പെന്‍ഷന്‍ തുടരുന്നത്. തച്ചങ്കരിക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് രേഖാമൂലം നിര്‍ദേശിച്ചിരുന്നു.
Discussion about this post