ഡെറാഡൂണ്‍: അഴിമതിയ്‌ക്കെതിരെ നിരാഹാര സമരം നടത്തവെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യോഗാചാര്യന്‍ ബാബ രാംദേവിന്റെ ആരോഗ്യനില മെച്ചപ്പെട്ട്‌വരുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രാംദേവിനെ ഹിമാലയന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ രാംദേവിനെ പ്രവേശിപ്പിച്ചത്.
രാംദേവിന്റെ രക്തസമ്മര്‍ദ്ദവും, നാഡിമിടിപ്പും കഴിഞ്ഞ രാത്രി താഴ്‌ന്നെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ പൂര്‍വസ്ഥിതിയിലായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്‌ടര്‍മാര്‍ പറഞ്ഞു. ക്ഷീണമുള്ളതിനാല്‍ സംസാരിക്കുന്നതിനും, ഇരിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. രാംദേവിന് ഗ്‌ളൂക്കോസ് നല്‍കി വരികയാണെന്നും അവര്‍ അറിയിച്ചു.
അതിനിടെ രാംദേവിന്റെ ആരോഗ്യനിലയില്‍ ബി.ജെ.പി കോര്‍ കമ്മിറ്റിയോഗം ആശങ്ക പ്രകടിപ്പിച്ചു. രാംദേവിന്റെ ആരോഗ്യനിലയെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്‌ത യോഗം അദ്ദേഹത്തിന്റെ രോഗാവസ്ഥയെ ദേശീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരാനും തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനന്ത്‌കുമാര്‍ എന്നിവരും പങ്കെടുത്തു.
Discussion about this post