ന്യൂഡല്‍ഹി: ബാബ രാംദേവ് നിരാഹാരം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്. എസ് ആവശ്യപ്പെട്ടു. കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരായ പോരാട്ടത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കേണ്ട ബാബയുടെ ആരോഗ്യസ്ഥിതിയില്‍ ആര്‍. എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആശങ്ക പ്രകടിപ്പിച്ചു. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ പ്രാര്‍ത്ഥന ബാബയ്ക്കൊപ്പമുണ്ട്. അവരുടെ വികാരം കൂടി കണക്കിലെടുത്തു ഉടന്‍ തന്നെ സമരം അവസാനിപ്പിക്കണം. ബാബയുടെ സമരത്തില്‍ നിന്നും പോരാട്ടവീര്യം ഉള്‍കൊണ്ട ജനസഹസ്രങ്ങളുണ്ടെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. രാജ്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം ആവശ്യമാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ യോഗ ഗുരു ബാബ രാംദേവ് നടത്തുന്ന സമരം ജനങ്ങള്‍ക്കു പ്രചോദനമാകുകയും അവരിലുള്ള രാജ്യ സ്നേഹത്തെ ഉണര്‍ത്തുകയും ചെയ്‌തു. രാജ്യത്തിന് ബാബ രാംദേവിന്റെ മാര്‍ഗനിര്‍ദേശം ഏറ്റവും ആവശ്യമായ സമയത്ത് അദ്ദേഹം ആരോഗ്യ നില വഷളായി ചികിത്സയില്‍ കഴിയേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും സര്‍സംഘ ചാലക് പ്രസ്‌താവനയില്‍ അറിയിച്ചു. ഇതിനിടെ ബാബയുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബീഹാറില്‍ അനുയായികള്‍ നടത്തുന്ന നിരാഹാരം സമയം എട്ടാം ദിവസത്തിലേക്ക് കടന്നു. ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് കണ്‍വീനര്‍ ബജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ 80 പേരാണ് സമരം നടത്തുന്നത്.
Discussion about this post