കൊച്ചി: നക്‌സല്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മുന്‍ പോലീസ് ഐ.ജി ലക്ഷ്മണ (74) യുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്.
മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ (83) സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ട വിധിയും ഹൈക്കോടതി ശരിവെച്ചു. വിജയനും ശിക്ഷ നല്‍കണമെന്ന വര്‍ഗീസിന്റെ സഹോദരന്‍ അരീക്കാട്ട് തോമസിന്റെ ഹര്‍ജി കോടതി തള്ളി. സി.ബി.ഐ കോടതിയ വിധിയില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
1970 ഫിബ്രവരി 18ന് അന്ന് ഡിവൈ.എസ്.പി.യായിരുന്ന ലക്ഷ്മണയുടെയും ഡി.ഐ.ജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച് ഒന്നാം പ്രതി മുന്‍ സി.ആര്‍.പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നെഞ്ചില്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ചു വര്‍ഷം മുമ്പ് രാമചന്ദ്രന്‍ നായര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ വിചാരണ നേരിട്ടില്ല. ജസ്റ്റിസ് തോട്ടത്തില്‍ രാധകൃഷ്ണന്‍, എസ്.എസ് സതീശ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വര്‍ഗീസ് വധക്കേസില്‍ പ്രത്യേക സി.ബി.ഐ കോടതി കഴിഞ്ഞ ഒക്ടോബറിലാണ് വിധി പ്രഖ്യാപിച്ചത്.
Discussion about this post