മൂന്നാര്‍: യഥാര്‍ത്ഥ കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടുള്ള ഒഴിപ്പിക്കല്‍ മാത്രമെ മൂന്നാറില്‍ ഉണ്ടാകുകയുള്ളുവെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മൂന്നാര്‍ മേഖലയിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കും. 2500 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശ രേഖ നല്‍കുമെന്നും പുതിയ പട്ടയങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ചിന്നക്കനാലില്‍ കയ്യേറ്റ ഭൂമിയിലേക്ക് 20 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് ടാര്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്. ഇത് സ്വകാര്യ വ്യക്തിയുടെ ആവശ്യത്തിനായി നിര്‍മിച്ചതാണന്നാണ് മനസിലാക്കുന്നതെന്നും ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അന്യ സംസ്ഥാന മാഫിയ വന്‍തോതില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അതിന് ശേഷം നടപടികളിലേക്ക് കടക്കുമെന്നും നിയമനടപടികളിലൂടെ മാത്രമെ കയ്യേറ്റങ്ങള്‍ ഒഴ്പ്പിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഭൂമാഫിയ സ്ഥലം കയ്യേറിയതെന്നും മന്ത്രി പറഞ്ഞു. ഒഴിപ്പിക്കലിനെതിരെ ആദിവാസികളെ മനുഷ്യ കവചമാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാര്‍ ട്രിബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ജീവനക്കാരെ അടിയന്തരമായി നിയമിക്കും.മൂന്നാറിലെ ടാറ്റയുടെ ഭൂമി അളന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷം നടപടിയെടുക്കും. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുദ്ധസമാനമായ സാഹചര്യം ഉണ്ടാകില്ലെന്ന് കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. മുന്‍ ദൗത്യ സംഘങ്ങളുടേയും കാബിനറ്റ് സബ് കമ്മറ്റിയുടേയും റിപ്പോര്‍ട്ടുകള്‍ പരിശേധിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ചിന്നക്കനാലില്‍ കയ്യേറിയ 70 ഏക്കര്‍ സ്ഥലത്ത് ഹെലിപ്പാട് നിര്‍മിക്കുന്നതായും മന്ത്രിയുടെ സന്ദര്‍ശനത്തില്‍ കണ്ടെത്തി.
Discussion about this post