ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍നിന്ന് സുരക്ഷിത സ്ഥലത്തേയ്ക്ക് താവളം മാറ്റിയതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വമാണ് ദാവൂദിനെ താവളം മാറാന്‍ പ്രേരിപ്പിച്ചത്.
ഇന്ത്യ നല്‍കിയ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ അധികവും പാക് സ്വദേശികളാണ്. യു.എസ് നടത്തിയതുപോലെയുള്ള ആക്രമണം തങ്ങള്‍ക്കുനേരെയും ഉണ്ടായേക്കാമെന്ന ഭയമാണ് ദാവൂദ് ഉള്‍പ്പടെയുള്ളവരെ കൂടുമാറാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ദാവൂദിന് വാണിജ്യതാല്‍പര്യങ്ങളുള്ള ഏതെങ്കിലും രാജ്യത്തേയ്ക്ക് താല്‍ക്കാലികമായി താവളം മാറ്റിയതായിരിക്കാമെന്നും ഇവര്‍ കരുതുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലോ ഗള്‍ഫ് മേഖലയിലോ അല്ലെങ്കില്‍ ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലോ ആയിരിക്കാം താവളമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു പക്ഷേ, യു.എസ് പോലും താവളമാക്കിയേക്കാമെന്നും ഏജന്‍സികള്‍ സംശയിക്കുന്നു.
Discussion about this post