നെടുമങ്ങാട്: ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ചന്ദനമുട്ടികളും ചന്ദന വിഗ്രഹങ്ങളും പിടിയിലായി. വെള്ളിയാഴ്‌ച രാത്രി തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എന്‍. അജിത്തിന്റെയും കണ്‍ട്രോള്‍ റൂം റേഞ്ച് ഓഫീസര്‍ ജെ. സതീശന്റെയും നേതൃത്വത്തില്‍ നടന്ന റെയ്‌ഡില്‍ 32 ചന്ദന വിഗ്രഹങ്ങളും 40 കിലോ ചന്ദന മുട്ടികളുമാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മുട്ടത്തറ രാജീവ്‌ഗാന്ധി ലെയ്‌നില്‍ മുരുകേശന്‍ എന്നയാളെ അന്വേഷിച്ചുവരികയാണ്. ഇയാള്‍ മുങ്ങി.
ഇക്കഴിഞ്ഞ 15 നു രാത്രി കനത്ത മഴയ്‌ക്കിടയിലാണ് ചുള്ളിമാനൂരിലെ റേഞ്ച് ഓഫീസ് വളപ്പില്‍ നിന്ന് ചന്ദനമരം അപ്രത്യക്ഷമായത്. സൂചനകളുടെ അടിസ്‌ഥാനത്തിലാണ് മുട്ടത്തറയിലെ മുരുകേശന്റെ വീട് റെയ്‌ഡ് ചെയ്‌തത്. ഗണപതിയുടെയും ശ്രീകൃഷ്‌ണന്റെയും വിഗ്രഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. തൊഴിലാളികളെ വീട്ടില്‍ താമസിപ്പിച്ച് വിഗ്രഹ നിര്‍മ്മാണം നടത്തിവന്നിരുന്നതായാണ് സൂചന.
മുരുകേശനു പിന്നില്‍ വന്‍മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് വനപാലകരുടെ നിഗമനം. കല്ലാര്‍ മേഖലയിലെ ചന്ദനക്കടത്തിനു പിന്നിലും ഈ സംഘമാണെന്ന് സംശയിക്കുന്നു. കേസന്വേഷണം പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍ക്ക് കൈമാറി. തൊണ്ടി സാമഗ്രികള്‍ പുനലൂര്‍ വനംകോടതിയില്‍ ഹാജരാക്കി.
Discussion about this post