ബാംഗ്ലൂര്‍: ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകസാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ജൂലായ് രണ്ടുമുതല്‍ ഏഴുവരെ ബെര്‍ലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിലാണ് പരിപാടി. 151 രാജ്യങ്ങളില്‍ നിന്നായി 70,000 ത്തോളം പേര്‍ സംബന്ധിക്കും. വിവിധ രാജ്യങ്ങളുടെ കലാ-സാംസ്‌കാരിക പരിപാടികള്‍, പരമ്പരാഗത ഭക്ഷണരീതികള്‍, നൃത്തം, സാഹിത്യം, സംഗീതം എന്നിവയുടെ സംഗമമായിരിക്കും നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യയില്‍നിന്ന് 5000ത്തോളം കലാപ്രതിഭകളാണ് ഉത്സവത്തില്‍ പങ്കെടുക്കുക. പ്രതിനിധികള്‍ക്കായി ഒളിമ്പിയ സ്റ്റേഡിയത്തില്‍ യോഗാ പാര്‍ക്ക് സ്ഥാപിക്കും. യോഗയുടെ തുടക്കംമുതലുള്ള ചരിത്രം പരിചയപ്പെടുത്തുന്ന യോഗാ മ്യൂസിയം ഇവിടത്തെ ആകര്‍ഷണകേന്ദ്രമായിരിക്കും. വിവിധരാജ്യങ്ങളില്‍ നിന്നുള്ള യോഗാചാര്യന്മാര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. യോഗശില്പശാലകളും സംഘടിപ്പിക്കും.
ഇന്ത്യയുടെ സാസ്‌കാരികപൈതൃകം ലോകത്തിനു കാട്ടിക്കൊടുക്കുയെന്ന ലക്ഷ്യത്തോടെയാണ് ബെര്‍ലിനില്‍ പരിപാടി നടത്തുന്നതെന്ന് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ജീവനകലയുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനൊപ്പം പുതിയ ലക്ഷ്യങ്ങള്‍ക്കുകൂടി തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post