കൊച്ചി: കാക്കനാട് ഐടി ജീവനക്കാരി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ നടപടിയെടുക്കാതിരുന്ന തൃക്കാക്കര എഎസ്‌ഐ മോഹന്‍ തമ്പിയെ സസ്‌പെന്‍ഡു ചെയ്‌തു. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപി ജേക്കബ് പൂന്നൂസ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കാക്കനാട് സെസിലെ ബിപിഒ കമ്പനിയില്‍ ജോലിചെയ്യുന്ന മലപ്പുറം മഞ്ചേരി പുളിക്കാമത്ത് വീട്ടില്‍ തസ്‌നി ബാനുവാണ് ഒരു സംഘത്തിന്റെ അക്രമത്തിനിരയായത്. `കൊച്ചിയെ ബാംഗ്ലൂര്‍ ആക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു
ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിലുള്ള അക്രമികളുടെ സംഘം മലപ്പുറം സ്വദേശി തസ്‌നി ബാനുവിനെ മര്‍ദിച്ചത്. ഞായറാഴ്‌ച രാത്രി 11 നുള്ള ഷിഫ്‌റ്റില്‍ ജോലിക്കു കയറാന്‍ തൊഴില്‍ സ്‌ഥാപനത്തിലേക്കു പോവുകയായിരുന്നു തസ്‌നി ബാനു. വഴിയില്‍ സിഗരറ്റ് വാങ്ങാനായി വണ്ടി നിര്‍ത്തി സുഹൃത്ത് കടയിലേക്കു പോയ സമയത്താണു കുറേപ്പേര്‍ എത്തി തസ്‌നിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.
കാര്യങ്ങള്‍ വിശദീകരിച്ചിട്ടും തൃപ്‌തിയാകാതെ വീണ്ടും ശല്യം ചെയ്യാന്‍ ശ്രമിച്ചവരോട് തസ്‌നിയും ധൈര്യമായി പ്രതികരിച്ചപ്പോഴായിരുന്നു ഓട്ടോഡ്രൈവര്‍ കവിളില്‍ ആഞ്ഞടിച്ചതും കൈപിടിച്ചു തിരിച്ചതും. വിവരമറിഞ്ഞു തസ്‌നിയുടെ സുഹൃത്തുക്കളടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരും മറ്റും എത്തിയതോടെയാണ് അക്രമികള്‍ മുങ്ങാന്‍ തുടങ്ങിയത്. പൊലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സംഭവ സ്‌ഥലത്തെത്തിയിട്ടും പരാതി എഴുതി കൊടുക്കാതെ നടപടിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നാണു തസ്‌നിയെ അറിയിച്ചത്.
ഓര്‍ക്കാപ്പുറത്തു നടുറോഡില്‍ അടിയേറ്റ തസ്‌നി അപ്പോള്‍ പരാതി എഴുതി നല്‍കാന്‍ പറ്റിയ സാഹചര്യത്തിലായിരുന്നില്ല. അക്രമികളിലൊരാളെ തസ്‌നി ചൂണ്ടിക്കാട്ടിയപ്പോള്‍ പിടികൂടി സ്‌റ്റേഷനിലേക്കു കൊണ്ടുപോയെങ്കിലും വിട്ടയച്ചു. പക്ഷേ, സംഭവമറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികളെ ഉടന്‍പിടികൂടി നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഉന്നതപൊലീസ് അധികാരികളും ഇടപെട്ടതോടെയാണ് അന്വേഷണം ചൂടുപിടിച്ചത്.
Discussion about this post