ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ.യെ ഒഴിവാക്കിയതു സംബന്ധിച്ച് വിവാദമാകുന്നു. കേന്ദ്ര നടപടിക്കെതിരെ സാമൂഹികപ്രവര്‍ത്തകരും രംഗത്തെത്തിക്കഴിഞ്ഞു. സി.ബി.ഐ.ക്ക് ഇളവ് നല്‍കരുതെന്ന് മുന്‍ ഡയറക്ടര്‍മാരായ യു.എസ്. മിശ്രയും വിജയ്ശങ്കറും പറയുമ്പോള്‍, ഏജന്‍സിക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന അഭിപ്രായമാണ് രാജേന്ദ്ര ശേഖറും ജോഗീന്ദര്‍ സിങ്ങും പ്രകടിപ്പിച്ചത്.
പേഴ്‌സണല്‍, നിയമ മന്ത്രാലയങ്ങളുടെ താത്പര്യം കണക്കിലെടുക്കാതെയാണ് സി.ബി.ഐ.ക്ക് വിവരാവകാശത്തില്‍ നിന്ന് കേന്ദ്രം ഇളവു നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതിയുടെ അഭിപ്രായം മാത്രം പരിഗണിച്ചാണ് സി.ബി.ഐ.ക്ക് ഇളവു നല്‍കിയത്. ഹൈദരാബാദ് സ്വദേശി സി.ജെ. കരീരയാണ് വിവരാവകാശ നിയമം ഉപയോഗിച്ച് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ‘ഇന്റലിജന്‍സ്’, ‘സുരക്ഷാ’ വിഷയങ്ങള്‍ കൈകാര്യം ചെയ്യാത്തതിനാല്‍ സി.ബി.ഐ.യ്ക്ക് ഇളവു നല്‍കേണ്ടെന്നാണ് പേഴ്‌സണല്‍ മന്ത്രാലയം അഭിപ്രായപ്പെട്ടതെന്ന് അവരുടെ ഫയലില്‍ നിന്ന് വ്യക്തമാണ്. സി.ബി.ഐ.ക്ക് വിവരാവകാശ നിയമത്തില്‍ നിന്ന് ഇളവ് അനുവദിച്ചാല്‍കൂടി ബജറ്റ്, പേഴ്‌സണല്‍, ഭരണം എന്നീ വിഷയങ്ങളില്‍ മറുപടി പറയാന്‍ ഏജന്‍സി ബാധ്യസ്ഥരാണെന്നാണ് നിയമ മന്ത്രാലയം അഭിപ്രായപ്പെട്ടത്. എന്നാല്‍, അറ്റോര്‍ണി ജനറലിന്റെ നിലപാടാണ് പരിഗണിക്കപ്പെട്ടത്.
വിവരാവകാശ നിയമം നിലവില്‍ വന്ന 2005നു ശേഷം സി.ബി.ഐ. ഡയറക്ടര്‍മാരായിരുന്ന മിശ്രയും വിജയ് ശങ്കറും ഏജന്‍സിയെ നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി പേഴ്‌സണല്‍ മന്ത്രാലയത്തിന് എഴുതിയിട്ടുണ്ട്. എന്നാല്‍, വിജയ് ശങ്കറിനു പിന്നാലെ വന്ന അശ്വനികുമാറാണ് സി.ബി.ഐ.ക്ക് വിവരാവകാശ നിയമത്തില്‍ നിന്ന് ഇളവു വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് ഇപ്പോഴത്തെ സി.ബി.ഐ. ഡയറക്ടര്‍ എ.പി. സിങ്ങിന്റെ പിന്തുണയുമുണ്ട്.
എഫ്.ഐ.ആറിലും കുറ്റപത്രത്തിലും കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതിനാല്‍ സി.ബി.ഐ.ക്ക് രഹസ്യത്തിന്റെ ആവശ്യമെന്താണെന്ന് മിശ്ര ചോദിക്കുന്നു. സി.ബി.ഐ.ക്ക് ഇളവ് നല്‍കേണ്ടെന്നും സി.ബി.ഐ.യില്‍ സുതാര്യത വേണമെന്നതാണ് തന്റെ അഭിപ്രായമെന്നും വിജയ് ശങ്കര്‍ പറയുന്നു.
സി.ബി.ഐ.യെ വിവരാവകാശത്തില്‍ നിന്ന് ഒഴിവാക്കിയതിനെ അനുകൂലിക്കുന്നവരുടെ വാദങ്ങളും ശക്തമാണ്. കുറ്റപത്രം ഫയല്‍ ചെയ്ത ശേഷവും കേസ് അവസാനിപ്പിച്ച ശേഷവും സി.ബി.ഐ.ക്ക് ഒട്ടേറെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതുണ്ടെന്ന് മുന്‍ ഡയറക്ടര്‍ രാജേന്ദ്രശേഖര്‍ പറഞ്ഞു.
സി.ബി.ഐ.ക്ക് ഇളവു നല്‍കിയതിനോട് പൂര്‍ണ പിന്തുണയാണ് മുന്‍ ഡയറക്ടര്‍ പി.സി. ശര്‍മയ്ക്ക്. കേസ് വിചാരണയ്ക്കയച്ച ശേഷവും സാക്ഷിമൊഴികള്‍ പരസ്യപ്പെടുത്തുന്നത് അവര്‍ക്കു തന്നെ പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന് ശര്‍മ പറയുന്നു.
Discussion about this post