തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. അവസാനം ലഭ്യമായ വിവരമനുസരിച്ച് 77.55 ശതമാനം പേര്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി സമ്മതിദാനാവകാശം രേഖപ്പെടുത്തി. പോളിംഗ് അവസാനിക്കേണ്ട 6 മണിക്കും പല ബൂത്തുകളിലും ഒട്ടേറെപേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തുനിന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 3.03 ശതമാനം വോട്ട് വര്‍ധനയാണു പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോളിംഗ് ശതമാനം ഉയര്‍ന്നതോടെ ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു മൂന്നു മുന്നണികളും. ഉയര്‍ന്ന പോളിംഗ് ശതമാനം കണ്ണൂര്‍ മണ്ഡലത്തിലായിരുന്നു- 82.08. കുറഞ്ഞ പോളിംഗ് ശതമാനം തിരുവനന്തപുരത്തും-73.26 ശതമാനം. 2014ലെ ലോ ക്‌സഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിംഗ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങില്‍ 15 മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം പോളിംഗ് നടന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. എല്ലായിടത്തും വോട്ടര്‍മാര്‍ രാവിലെ മുതല്‍ തന്നെ ആവേശത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തി. പോളിംഗ് അവസാനിക്കുന്ന വൈകുന്നേരം ആറു മണിക്കും നൂറുകണക്കിനു പേര്‍ വോട്ട് രേഖപ്പെടുത്താന്‍ വരിയില്‍ കാത്തുനില്‍ക്കുന്ന കാഴ്ചയാണ് പലബൂത്തുകളിലും കാണാന്‍ സാധിച്ചത്. നിരയിലുണ്ടായിരുന്നവര്‍ക്കു സ്ലിപ്പ് നല്‍കിയതിനാല്‍ വോട്ടെടുപ്പു രാത്രിയിലേക്കു നീണ്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ശ്രദ്ധേയമായ വയനാട്ടില്‍ ഇക്കുറി പ്രതീക്ഷച്ചതുപോലെ റിക്കാര്‍ഡ് പോളിംഗാണ് ഉണ്ടായത്. 79.77 ശതമാനമാണിവിടെ രേഖപ്പെടുത്തിയത്. ബത്തേരിയിലും കല്‍പ്പറ്റയിലും കനത്ത മഴയെ അവഗണിച്ചാണ് വോട്ടര്‍മാര്‍ സമ്മദിദാന അവകാശം രേഖപ്പെടുത്താന്‍ എത്തിയത്. ശബരിമല വിഷയത്തോടെ ശ്രദ്ധേയമായ മണ്ഡലമായ പത്തനംതിട്ടയിലും അതിശക്തമായ പോളിംഗ് നടന്നു. വൈകുന്നേരത്തെ കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ 72.40 ശതമാനം പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 65.47 ശതമാനം മാത്രമായിരുന്നു പോളിംഗ്. സംസ്ഥാനത്തെ കുറവ് പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇക്കുറി വോട്ടര്‍മാര്‍ ആവേശത്തോടെ ബൂത്തുകളില്‍ എത്തിയതോടെ റിക്കാര്‍ഡ് പോളിംഗാണ് പത്തനംതിട്ടയില്‍ ഉണ്ടായിരിക്കുന്നത്. ത്രികോണ മത്സരം അരങ്ങേറുന്ന തിരുവനന്തപുരം മണ്ഡലത്തിലും റിക്കാര്‍ഡ് പോളിംഗാണ് ഉണ്ടായത്. 73.40 ശതമാനം പോളിംഗ് തലസ്ഥാന നഗരിയില്‍ രേഖപ്പെടുത്തി. കഴിഞ്ഞ തവണ 68 ശതമാനം മാത്രമായിരുന്നു തിരുവനന്തപുരത്തെ പോളിംഗ്. കണ്ണൂരിലും ഇത്തവണ കനത്ത പോളിംഗായിരുന്നു. വൈകുന്നേരം അഞ്ചോടെ കണ്ണൂരില്‍ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തു പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്നു വോട്ടെടുപ്പു മണിക്കൂറുകളോളം തടസപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്ത ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായി. ചെയ്ത വോട്ട് കാണാന്‍ കഴിയുന്ന വിവി പാറ്റ് ഉപയോഗിച്ചതിനാലാണ് അധിക സമയം വേണ്ടി വന്നതെന്നാണു വിശദീകരണം. തിരുവനന്തപുരം കോവളം ചൊവ്വരയിലും പട്ടത്തും പത്തനംതിട്ടയിലും വോട്ടിംഗ് യന്ത്രക്രമക്കേടുമായി ബന്ധപ്പെട്ടു വ്യാപക പരാതിയുയര്‍ന്നു. വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ ചിഹ്നമല്ല, വിവി പാറ്റില്‍ കാണിച്ചതെന്നു പരാതി ഉന്നയിച്ച തിരുവനന്തപുരം പട്ടം സ്വദേശി എബിന്‍ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവിപാറ്റ് വ്യാജ ആരോപണവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്. മറ്റിടങ്ങളില്‍ സാങ്കേതിക തകരാര്‍ മാത്രമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം. വോട്ടെടുപ്പിനിടെ വിവിധ സ്ഥലങ്ങളിലായി ഒന്‍പതു പേര്‍ കുഴഞ്ഞു വീണു മരിച്ചു. എല്ലായിടത്തും വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
Discussion about this post