തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കിയതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്നും, ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാത്ത ബുക്കിംഗ് ഏജന്‍സികള്‍ നിര്‍ത്തലാക്കും. യാത്രക്കാരുമായി പോകുന്ന ബസുകളില്‍ ഇനി മുതല്‍ ഗുഡ്സ് സര്‍വീസ് അനുവദിക്കില്ല. അന്തര്‍ സംസ്ഥാന ബസുകളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും. ഇതിന്റെ ഭാഗമായി നിരക്ക് ഏകീകരണം പഠിക്കാന്‍ ജ.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ഇതുവരെ 259 അന്തര്‍ സംസ്ഥാന ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മിക്ക ബസുകളും സര്‍വീസ് നടത്തിയത് ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയാണ്. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും അന്തര്‍ സംസ്ഥാന ബസുകളിലെ പരിശോധന തുടരും. കെഎസ്ആര്‍ടിസി ബസുകള്‍ കഴിവതും അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ റദ്ദാക്കില്ല. മാത്രമല്ല കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്താനും ശ്രമിക്കും. കല്ലട മാനേജ്മെന്റിന്റെത് അപലപനീയ നിലപാടാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. പുറത്ത് വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
Discussion about this post