വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരാണസിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോണ്‍ഗ്രസിന് വേണ്ടി വാരണാസിയില്‍ അജയ് റായ് സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി അറിയിച്ചു. 2014ല്‍ വാരാണസിയില്‍ മത്സരിച്ച അജയ് റായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. നേരത്തേ, മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഹൈക്കമാന്‍ഡിനെ അറിയിച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഇതിനോട് താത്പര്യം പുലര്‍ത്തിയില്ലെന്നാണ് വിവരം. യുപിയില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ചുമതല വഹിക്കുന്ന പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 2022-ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റുക എന്ന സുപ്രധാന ദൗത്യമാണ് പാര്‍ട്ടി പ്രിയങ്കയ്ക്കു നല്‍കിയിരിക്കുന്നത്. 2014ല്‍ 3.70 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോദി വാരാണസിയില്‍ വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളായിരുന്നു അന്നു മുഖ്യ എതിരാളി. കേജരിവാളിന് അന്ന് രണ്ടു ലക്ഷം വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്ക് 75,000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നാളെ 11.30ഓടെയാകും പത്രിക സമര്‍പ്പണം. എന്‍ഡിഎയുടെ പ്രമുഖ നേതാക്കള്‍, ജെഡിയു പ്രസിഡന്റ് നിതീഷ് കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.
വാരാണസിയില്‍ നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോയും ഗംഗാ ആരതിയും നടത്തും. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ സ്മാരകത്തിന് മുന്നില്‍ നിന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് റോഡ് ഷോ ആരംഭിക്കുന്നത്. വൈകിട്ട് ഏഴ് മണിയോടെ ദശാശ്വമേഥ് ഘട്ടില്‍ റോഡ് ഷോ സമാപിക്കും. ഇതിന് ശേഷം നടക്കുന്ന ഇവിടെ നടക്കുന്ന ഗംഗാ ആരതിയിലും സായാഹ്ന പ്രാര്‍ത്ഥനകളിലും പ്രധാനമന്ത്രി പങ്കെടുക്കും.
Discussion about this post