ചെന്നൈ: കേരളത്തില്‍ ഐഎസ് ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കുംഭകോണം, കാരയ്ക്കല്‍, രാമനാഥപുരം എന്നിവിടങ്ങളിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാ അത്ത് എന്നീ സംഘടനകളുടെ ഓഫീസുകളിലാണ് എന്‍ഐഎ മിന്നല്‍ പരിശോധന നടത്തിയത്. കേരളത്തില്‍ നിന്നെത്തിയ എന്‍ഐഎ സംഘവും റെയ്ഡില്‍ പങ്കെടുത്തു. അടുത്തിടെ ഡിഎംകെ നേതാവ് രാമലിംഗം കൊല്ലപ്പെട്ട സംഭവത്തില്‍ ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് എന്‍ഐഎയ്ക്കു സൂചന ലഭിച്ചതായാണ് വിവരം.
ശ്രീലങ്കയിലെ കൂട്ടക്കുരുതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍നിന്നാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളെക്കുറിച്ചുള്ള സൂചന എന്‍ഐഎയ്ക്കു ലഭിച്ചത്. റിയാസിനു കാസര്‍ഗോഡ് കേന്ദ്രീകരിച്ച് 2016 ജൂലൈയില്‍ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) റിക്രൂട്ട്‌മെന്റുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. അന്ന് ഐഎസില്‍ ചേരാന്‍ കാസര്‍ഗോഡുനിന്നു 14 പേര്‍ അഫ്ഗാനിസ്ഥാനിലേക്കും ഒരാള്‍ സിറിയയിലേക്കും കടന്നിരുന്നു. കേരളത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ റിയാസ് ലക്ഷ്യമിട്ടിരുന്നു. ഇതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് എന്‍ഐഎയുടെ കസ്റ്റഡിയിലാകുന്നത്. ഐഎസില്‍ ചേര്‍ന്ന മലയാളികളാണു സ്‌ഫോടനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. വിനോദസഞ്ചാരികള്‍ അധികമെത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെത്തുടര്‍ന്നാണ് എന്‍ഐഎ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കേരളത്തിലും ചാവേര്‍ ആക്രമണത്തിനു ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഐഎസ് അറബിയിലും ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും വീഡിയോ പുറത്തുവിട്ടിരുന്നു. മലബാര്‍ മേഖലയിലെ ചില ജില്ലകളില്‍ ഐഎസിന്റെ പ്രവര്‍ത്തനം നടക്കുന്നതായി സൂചനയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
Discussion about this post