കൊളംബോ/ചെന്നൈ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ള ചാവേറുകള്‍ കേരളത്തിലെത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനനായകെ വ്യക്തമാക്കി. ബംഗളൂരുവിലും കാഷ്മീരിലും അവര്‍ പോയിരുന്നു. പരിശീലനം നേടാനോ മറ്റു ഭീകരസംഘടനകളുമായി ബന്ധം സ്ഥാപിക്കാനോ ആകും അവര്‍ കേരളത്തിലും മറ്റും എത്തിയതെന്നു സംശയിക്കുന്നു. ശ്രീലങ്കന്‍ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനനായകെ ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച് പ്രതികരിച്ചത്. ഒരാഴ്ച മുമ്പുതന്നെ ശ്രീലങ്കന്‍ പോലീസ് ചാവേറുകള്‍ ഇന്ത്യയില്‍ പരിശീലനം നേടിയിരുന്നതായി സൂചന നല്‍കിയിരുന്നു. ഒരു സ്ത്രീ അടക്കം ഒന്‍പതു ചാവേറുകളാണ് ഈസ്റ്റര്‍ദിനത്തിലെ കൂട്ടക്കുരുതി നടത്തിയത്. മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലുമായിരുന്നു ചാവേര്‍ സ്‌ഫോടനം. 253 പേര്‍ ഇവയില്‍ കൊല്ലപ്പെട്ടെന്നാണു പോലീസിന്റെ നിഗമനം. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന ഭീകരസംഘടന ലങ്കയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റിട്ടുണ്ട്. ചാവേറുകളില്‍ പലരും പ്രവര്‍ത്തിച്ച നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ (എന്‍ടിജെ) സ്ഥാപകന്‍ സഹറാന്‍ ഹാഷിം പലവട്ടം ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നു നേരത്തേ അറിവായിരുന്നു. മത്സ്യബന്ധനബോട്ടുകളിലും മറ്റും കയറിയാണ് അയാള്‍ ഇന്ത്യയില്‍ വന്നിട്ടുള്ളത്. കഴിഞ്ഞദിവസം കേരളത്തില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ സഹറാന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു. ശ്രീലങ്കന്‍ ചാവേറുകളുമായി ബന്ധമുള്ളവര്‍ക്കു വേണ്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എന്‍ഐഎ)യും സംസ്ഥാനങ്ങളിലെ പോലീസും കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്. തമിഴ്‌നാട്ടിലുള്ള ഒട്ടേറെ മലയാളികള്‍ ഇതുസംബന്ധിച്ച് നിരീക്ഷണത്തിലാണ്.
ചാവേറുകളുടെ വിദേശപരിശീലനം ശ്രീലങ്ക ഔദ്യോഗികമായി സമ്മതിക്കുന്നത് ഇതാദ്യമാണ്. എങ്കിലും അന്വേഷണത്തില്‍ ഇന്ത്യയെയും മറ്റും സഹകരിപ്പിക്കാന്‍ തയാറായിട്ടില്ല. ഇന്ത്യ ചാവേര്‍ ആക്രമണത്തെപ്പറ്റി 17 ദിവസം മുന്പു മുതല്‍ സംഭവത്തിനു രണ്ടു മണിക്കൂര്‍ മുന്പുവരെ പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും ശ്രീലങ്കന്‍ സുരക്ഷാവിഭാഗം യാതൊരു മുന്‍കരുതലും കൈക്കൊണ്ടിരുന്നില്ല. തങ്ങളെ പാക്കിസ്ഥാനെതിരേ തിരിച്ചുവിടാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നായിരുന്നു അവരുടെ ധാരണ. ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ സഹറാന്‍ ഹാഷിമിന്റെ അളിയന്‍ മൗലാന റിലയും അയാളുടെ സഹചരന്‍ ഷാനവാസും സൗദി അറേബ്യന്‍ പോലീസിന്റെ പിടിയിലായി. ഇന്ത്യ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടിച്ചത്. കാസര്‍ഗോട്ടും കോയമ്പത്തൂരുമുള്ള ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരും ലങ്കന്‍ ചാവേറുകളുമായുള്ള ബന്ധം ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍ പഠിച്ചുവരികയാണ്. ഇന്ത്യയില്‍നിന്നു 115 പേര്‍ ഐഎസില്‍ ചേരാന്‍ പോയിട്ടുണ്ട്. ഇതില്‍ 24 പേര്‍ സിറിയയിലും 11 പേര്‍ അഫ്ഗാനിസ്ഥാനിലും പോരാട്ടങ്ങളില്‍ കൊല്ലപ്പെട്ടു. 35 പേരെ പിടികൂടി ഇന്ത്യയിലേക്കു തിരിച്ചുവിട്ടു. ബാക്കിയുള്ളവര്‍ ഇപ്പോഴും ഐഎസിലോ അനുബന്ധ ഗ്രൂപ്പുകളിലോ പ്രവര്‍ത്തിക്കുന്നതായാണ് സൂചന.
Discussion about this post