തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം കുട്ടികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 97.84 ശതമാനം കുട്ടികളാണ് വിജയം നേടിയിരുന്നത്. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ലെന്നും ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 14 ദിവസങ്ങള്‍ കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,34,729 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,26,513 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഇതില്‍ 2,493 കുട്ടികളും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. 599 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 713 എയ്ഡഡ് സ്‌കൂളുകള്‍ക്കും 319 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും നൂറു ശതമാനം വിജയം ലഭിച്ചു. 99.33 ശതമാനം വിജയം നേടിയ പത്തനംതിട്ടയാണ് ഏറ്റവും മികച്ച വിജയം നേടിയ ജില്ല. 93.22 ശതമാനം കുട്ടികള്‍ വിജയിച്ച വയനാട് ജില്ലയിലാണ് വിജയശതമാനം കുറവ്. വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം നേടിയത് കുട്ടനാടാണ്. ഗള്‍ഫ് മേഖലയില്‍ 98.79 ശതമാനം കുട്ടികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. 495 പേര്‍ പരീക്ഷ എഴുതിയതില്‍ 489 പേരും വിജയം നേടി. ആറ് ഗള്‍ഫ് സെന്ററുകള്‍ നൂറു ശതമാനം വിജയം കൊയ്തു. ലക്ഷദ്വീപില്‍ 681 പേര്‍ പരീക്ഷ എഴുതിയതില്‍ 599 പേര്‍ വിജയിച്ചു. ഈ മാസം 20 മുതല്‍ 25 വരെയാണ് സേ പരീക്ഷ നടക്കുന്നത്. പരമാവധി മൂന്ന് വിഷയത്തില്‍ തോറ്റവര്‍ക്ക് സേ പരീക്ഷ എഴുതാം.
Discussion about this post