തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ജപ്തി നടപടികളായിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇതില്‍ പറയുന്നു. തീകൊളുത്തി മരിച്ച മുറിയുടെ ചുമരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ് കണ്ടെത്തിയത്. വസ്തു തര്‍ക്കവും കുടുംബ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മന്ത്രവാദം അടക്കമുള്ള കാര്യങ്ങള്‍ നടത്തിയതായും തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു. ചന്ദ്രന്റെ അമ്മയായ കൃഷ്ണമ്മ, സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരുടെ പേരുകളാണ് കുറിപ്പില്‍ ഉള്ളത്. സംഭവത്തില്‍ നാലു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബാങ്കിന്റെ ജപ്തിഭീഷണിയെത്തുടര്‍ന്നാണ് അമ്മയും മകളും ജീവനൊടുക്കിയതെന്ന ആരോപണം നിലനില്‍ക്കെയാണ് കേസില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. നെയ്യാറ്റിന്‍കര മാരായമുട്ടം മഞ്ചവിളാകം മലയിക്കട വൈഷ്ണവി നിവാസില്‍ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണു കഴിഞ്ഞ ദിവസം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
Discussion about this post