തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറുനിലവറകളില്‍ ഒന്ന് തുറന്നപ്പോള്‍ തന്നെ 450 കോടി വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും ലഭിച്ചു. ഇനി അഞ്ചുനിലവറകള്‍ കൂടി തുറന്നു പരിശോധിക്കാനുണ്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നിലവറകളുടെ കണക്കെടുപ്പ് തുടങ്ങിയത്. പൈതൃകമൂല്യം വിലയിരുത്താതെയാണ് ഒന്നാം നിലവറയിലെ നിക്ഷേപങ്ങള്‍ക്ക് വില കണക്കാക്കിയിട്ടുള്ളത്. ഇന്നു മൂന്നു കലവറകള്‍ കൂടി തുറക്കും.
സുപ്രീം കോടതി നിയോഗിച്ച കമ്മീഷനാണ് കണക്കെടുപ്പ് നടത്തിയത്. കമ്മീഷന്‍ അംഗങ്ങളായ ഹൈക്കോടതി മുന്‍ ജഡ്ജിമാരായ എം.എന്‍. കൃഷ്ണന്‍, സി.എസ്. രാജന്‍, സുപ്രീംകോടതിയില്‍ കേസ് നല്‍കിയ ടി.പി. സുന്ദരരാജന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജെ. റെജികുമാര്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാര്‍, തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതിനിധി എം. രവിവര്‍മ എന്നിവര്‍ രാവിലെ യോഗം ചേര്‍ന്ന ശേഷമാണ് നിലവറ തുറന്നത്. രാവിലെ പത്തുമണിയോടെ തുടങ്ങിയ കണക്കെടുപ്പ് രാത്രി ഏഴുമണിക്കാണ് തീര്‍ന്നത്.
എ മുതല്‍ എഫ് വരെയുള്ള നിലവറകളില്‍ ക്ഷേത്രത്തിന്റെ തെക്ക് വടക്കേമൂലയിലെ വ്യാസര്‍കോണ്‍ കല്ലറ എന്ന ‘സി’ നിലവറയാണ് കമ്മീഷന്‍ ആദ്യം തുറന്നുപരിശോധിച്ചത്. ഉത്സവങ്ങള്‍ക്കും മറ്റ് വിശേഷദിവസങ്ങള്‍ക്കും തുറക്കുന്ന നിലവറയാണിത്. ഈ നിലവറയില്‍ 450 ഓളം സ്വര്‍ണക്കുടങ്ങള്‍, 20 വെള്ളി നിലവിളക്കുകള്‍, 30 വെള്ളിക്കിണ്ടികള്‍, നാല് വെള്ളി ഉരുളികള്‍, സ്വര്‍ണത്തിലുള്ള കാരയം, വെള്ളി കുടംമൂടി, നടവരവായി ലഭിച്ച വെള്ളിയും സ്വര്‍ണവും ഉള്‍പ്പെടെയാണ് 450 കോടിയുടെ ആസ്തിയുണ്ടായിരുന്നത്. 2000 മുതലുള്ള നടവരവ് അതത് വര്‍ഷങ്ങള്‍ രേഖപ്പെടുത്തി ചാക്കുകളില്‍ കെട്ടിയാണ് സൂക്ഷിച്ചിരുന്നത്.
ഡി മുതല്‍ എഫ് വരെയുള്ള നിലവറകള്‍ ചൊവ്വാഴ്ച തുറക്കും. തിങ്കളാഴ്ച തുറന്ന നിലവറയിലെ മുഴുവന്‍ സാധനങ്ങളുടെയും പട്ടികയും അതിന്റെ തൂക്കവും ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി. പരിശോധന നടന്ന നിലവറയിലേക്ക് കമ്മീഷന്‍ അംഗങ്ങളെ അല്ലാതെ മറ്റാരെയും കടത്തിവിട്ടില്ല. വര്‍ഷങ്ങളായി തുറക്കാത്ത എ, ബി നിലവറകള്‍ വെള്ളിയാഴ്ച തുറക്കും. ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സ്റ്റേ അനുവദിച്ചുകൊണ്ടാണ് ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു കണക്കെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സുപ്രീംകോടതി ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രനും എ.കെ. പട്‌നായ്ക്കുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കാന്‍ ഉത്തരവിട്ടത്. ക്ഷേത്രത്തിന്റെ നിലവറകള്‍ തുറക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ടായിരുന്നതിനാല്‍ ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പി. ബിജോയിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രത്തിന്റെ നാല് പ്രവേശനകവാടങ്ങളിലും പോലീസിനെ വിന്യസിച്ചിരുന്നു. ഭക്തജനങ്ങളെ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയാണ് അകത്തേക്ക് കടത്തിവിട്ടത്.
ക്രൈംബ്രാഞ്ച് ടെമ്പിള്‍ സ്‌ക്വാഡിലെ എസ്.പി. ജയമോഹന്‍, ഡിവൈ.എസ്.പി. ഗോപകുമാര്‍ എന്നിവരും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ചു.
Discussion about this post