തിരുവനന്തപുരം: നിയമസഭാ കമ്മിറ്റികളിലൂടെ നടത്തുന്ന പ്രവര്‍ത്തനം സമൂഹത്തില്‍ ഇനിയും അറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ സാമാജികര്‍ക്കായി ‘നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം, ഇ-നിയമസഭ’ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്ററി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്‌സിക്യൂട്ടീവിനു നിയമസഭയോടുള്ള ഉത്തരവാദിത്തം ഉറപ്പാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ നിയമസഭാ കമ്മിറ്റികള്‍ മികച്ച പങ്ക് വഹിക്കുന്നുണ്ട്.
നിയമസഭാ നടപടികള്‍ പോലെ നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം ജനം പൊതുവേ അറിയാത്ത നിലയുണ്ട്. സഭാസമിതികള്‍ സൂക്ഷ്മമായും വിശദമായും വിഷയങ്ങള്‍ പരിശോധിക്കുന്നുണ്ട്. നിയമസഭാ സബ്ജക്ട് കമ്മിറ്റികളില്‍ മന്ത്രിമാര്‍ അധ്യക്ഷരായി ഇരിക്കേണ്ടതുണ്ടോ എന്ന കാര്യം ഗൗരവമായി പരിശോധിക്കണം.
നിയമസഭാ കമ്മിറ്റികളുടെ പ്രവര്‍ത്തനം പൊതുവേ തൃപ്തികരമാണ്. എന്നിരുന്നാലും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമമുണ്ടാകണം. കാലത്തിനനുസരിച്ച് ആധുനികമായി മുന്നേറാനാകണം. ജനപ്രതിനിധികള്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള എറ്റവും നല്ല ഉപാധിയാണ് നിയമസഭാ സമിതികള്‍.
നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ നമ്മുടെ നിയമസഭ മറ്റു സഭകള്‍ക്കും പാര്‍ലമെന്റിനും വരെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനാഭിലാഷത്തിന്റെ സര്‍വ സാധ്യതകളും വിനിയോഗിക്കാനാവുന്ന സംവിധാനമായി നിയമസഭാ സമിതികള്‍ മാറണമെന്ന് സ്പീക്കര്‍ പറഞ്ഞു. സഭാസമിതികളുടെ അധികാരങ്ങളും പ്രയോഗങ്ങളും സംബന്ധിച്ച് സഭാംഗങ്ങള്‍ക്ക് കൃത്യമായ ബോധം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, എം.എല്‍.എ മാരായ എം.കെ. മുനീര്‍, കെ.സി. ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു.
Discussion about this post