തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം സര്‍ക്കാരിനെതിരായ ജനവിധിയായി കാണാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് സമൂഹത്തില്‍ നല്ല അംഗീകാരമാണ് ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ ഫലമാണ് ഉണ്ടായത്. ഇത്തരം വിപരീതഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇത് സ്ഥായിയായതെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്‌തേനെ. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത് പോയെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ വലിയ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മനസിലാക്കാന്‍ സാധിക്കാത്ത ചില ഘടകങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതാണ് പരാജയത്തിന് കാരണമായത്. രാജ്യത്തിന്റെ ഭാവിയില്‍ ഉത്കണ്ഠയുള്ളവരാണ് എല്ലാവരും. ബിജെപി ഭരണത്തില്‍ വീണ്ടും വരരുതെന്ന് കരുതുന്ന നല്ലൊരു വിഭാഗം കേരളത്തിലുണ്ട്. അതില്‍ നല്ലൊരു ഭാഗം തങ്ങള്‍ക്കൊപ്പം ഉള്ളവരാണ്. അവര്‍ ചിന്തിച്ചു കോണ്‍ഗ്രസിനാണ് കേന്ദ്രത്തില്‍ ഭരണത്തിന് നേതൃത്വം നല്‍കാന്‍ സാധിക്കുന്നതെന്ന്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യണമെന്ന് ആവര്‍ ചിന്തിച്ചിരിക്കാം. അതിനാല്‍ നല്ലൊരു ശതമാനം വോട്ട് തങ്ങളില്‍നിന്നു വിട്ടുപോയെന്നും തോല്‍വിയുടെ മറ്റു ഘടകങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന് കരുത്തായി. ആര്‍ക്കെതിരെയാണ് രാഹുല്‍ മത്സരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചപ്പോള്‍ എല്‍ഡിഎഫ് ചോദിച്ചിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post