കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്.
വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലും നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെ സംസ്ഥാനത്ത് ഭീതിയിലാഴ്ത്തി വീണ്ടും നിപ വൈറസ് സാന്നിധ്യം വ്യക്തമായത്.
ഇയാളുടെ ഒരു സുഹൃത്തിനും മറ്റൊരാള്‍ക്കും ആദ്യഘട്ടത്തില്‍ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും പനിയും തൊണ്ട വേദനയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിലൊരാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് സംശയകരമായി പനി അനുഭവപ്പെടുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും കെകെ ഷൈലജ ടീച്ചര്‍ വ്യക്തമാക്കി. നിപ രോഗികള്‍ക്ക് നല്‍കേണ്ട റിബാവറിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഓസ്‌ട്രേലിയയില്‍ നിന്നും കൊണ്ടു വന്ന മരുന്നും കേരളത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനുമായി സംസാരിച്ചുവെന്നും സ്ഥിതിഗതികള്‍ അറിയിച്ചെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
Discussion about this post