തിരുവനന്തപുരം: കുടിവെള്ള പദ്ധതികള്‍, ആശുപത്രി വികസനം, റോഡുകള്‍, റെയില്‍വേ ഓവര്‍ബ്രിഡ്ജ്, സ്റ്റേഡിയം നിര്‍മാണം എന്നിവയ്ക്കായി 1423 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും കിഫ് ബോര്‍ഡ് യോഗവും അംഗീകാരം നല്‍കിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം നടന്നത്.
ഇതുവരെ വിവിധ വകുപ്പുകളില്‍ 29455.71 കോടി രൂപയുടെ 552 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14275.17 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചിരുന്നു. മൊത്തം 43730.88 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചിട്ടുള്ളത്.
816.91 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കാണ് ഇന്നലെ നടന്ന യോഗം അംഗീകാരം നല്‍കിയത്. കുട്ടനാട് കുടിവെള്ള പദ്ധതിയാക്കി 289.54 കോടി രൂപയും തിരുവനന്തപുരം നെയ്യാര്‍ ബദല്‍ സ്രോതസ് പദ്ധതിക്കായി 206.96 കോടി രൂപയും മലപ്പുറം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ പദ്ധതിക്ക് 108.70 കോടി രൂപയും ആലപ്പുഴ നഗരസഭയിലെ ജലവിതരണ സംവിധാനത്തിനായി 211.71 കോടി രൂപയും അംഗീകരിച്ചു. വിവിധ ആശുപത്രികളുടെ നവീകരണത്തിന് 270 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് 67 കോടിയുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് 64 കോടിയുടെയും മട്ടന്നൂര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് 71 കോടി രൂപയുടെയും പദ്ധതികള്‍ അംഗീകരിച്ചു.
വിവിധ സ്റ്റേഡിയങ്ങള്‍ക്കായി 80 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. മൂവാറ്റുപുഴയില്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ഇടുക്കി നെടുങ്കണ്ടത്ത് കെ. പി. തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം, തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം, കോഴിക്കോട് ഫറോക്ക് ജി. ജി. വി. എച്ച്. എസ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര, പാലക്കാട് വല്ലപ്പുഴ, തൃശൂര്‍ നന്തിക്കര, കോട്ടയം കടുത്തുരുത്തി എന്നിവിടങ്ങളില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മിക്കുന്നതിന് 114 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
പ്രളയ സെസിന് ജി. എസ്. ടി കൗണ്‍സിലിന്റെ അംഗീകാരം പ്രതീക്ഷിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഉപഭോക്താവിന് മുകളില്‍ അധിക ബാധ്യതയുണ്ടാകാതെ പ്രളയ സെസ് ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പ്രളയ സെസില്‍ നിന്നുള്ള പണം പൂര്‍ണമായി ഗ്രാമീണ റോഡിന് വിനിയോഗിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറായതായി മന്ത്രി പറഞ്ഞു.
Discussion about this post