തിരുവനന്തപുരം: റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി ഈ വര്‍ഷം എല്ലാ ജില്ലകളിലും ഹോര്‍ട്ടികോര്‍പ്പിന്റെ കൂടുതല്‍ വിപണന കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍. പുത്തരിക്കണ്ടം മൈതാനിയില്‍ ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പിന്റെ പഴം പച്ചക്കറി വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ കേന്ദ്രം ആരംഭിക്കുന്നതോടെ ഹോര്‍ട്ടികോര്‍പ്പിന് വലിയ അളവില്‍ നാടന്‍ പച്ചക്കറികള്‍ സംഭരിക്കാനാകും. കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം വര്‍ധിപ്പിക്കാനായിട്ടുണ്ട്. പൂര്‍ണമായും വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ വിതരണം ചെയ്യുന്ന പച്ചക്കറികളില്‍ 93 ശതമാനവും സുരക്ഷിതമാണെന്നാണ് കാര്‍ഷിക സര്‍വകലാശാല നടത്തുന്ന തുടര്‍ പഠനത്തില്‍ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു. കീടനാശിനി പ്രയോഗവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ കളനാശിനികളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഗ്ലൈഫോസേറ്റ് പോലുള്ള കളനാശിനി നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങുന്ന ജനങ്ങളുടെ ആരോഗ്യസംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി ഓരോരുത്തരും കൃഷി ചെയ്യുന്നത് സംസ്‌കാരമായി രൂപപ്പെടണം. സവാള, ഉരുളക്കിഴങ്ങ് പോലെ നമുക്ക് കൃഷി ചെയ്യാന്‍ പ്രയാസമായ പച്ചക്കറികളൊഴികെ ബാക്കിയുള്ളവ നാം തന്നെ കൃഷി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പഴവങ്ങാടി ഹോര്‍ട്ടികോര്‍പ്പ് സൂപ്പര്‍മാര്‍ക്കറ്റാണ് പുത്തരിക്കണ്ടം മൈതാനത്തേക്ക് മാറ്റിയിരിക്കുന്നത്.
പച്ചക്കറികളുടെ ആദ്യവില്പന നഗരസഭാ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. പി. കെ. ജയശ്രീക്ക് നല്‍കി നിര്‍വഹിച്ചു. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ മാനേജിംഗ് ഡയറക്ടര്‍ ബാബു തോമസ് പദ്ധതി വിശദീകരണം നടത്തി. ചെയര്‍മാന്‍ സജീവ്, ജനറല്‍ മാനേജര്‍ രജത.വി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനചടങ്ങിനു ശേഷം തേനീച്ച വളര്‍ത്തല്‍ ബോധവല്കരണ പരിപാടിയും നടന്നു.
Discussion about this post