തിരുവനന്തപുരം: അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്ന 35 കിലോ ഭക്ഷ്യധാന്യം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിനല്‍കാന്‍ കഴിയില്ലെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. ഇതുപോലെ മുന്‍ഗണനാ വിഭാഗത്തിന് അനുവദിച്ചിട്ടുളള ഭക്ഷ്യധാന്യവും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും മറിച്ചുളള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഡയറക്ടര്‍ അറിയിച്ചു.
മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി ഫീല്‍ഡ് തല പരിശോധനകള്‍ നടത്തി, ഇതുവരെ 3,16,960 കൂടുംബങ്ങളെ അനര്‍ഹരാണെന്ന് കണ്ടെത്തി, പട്ടികയില്‍ നിന്ന് ഒഴിവാക്കി, അര്‍ഹതപ്പെട്ട കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണം തുടര്‍പ്രക്രിയയായതിനാല്‍ ഫീല്‍ഡ് തല പരിശോധനകള്‍ നടന്നു വരുന്നു. മൂന്നു മാസമായി റേഷന്‍ വാങ്ങാത്തവരുടെയും ഒരംഗം മാത്രമുളള കാര്‍ഡുകളുടെയും പട്ടിക ഫീല്‍ഡ് തല പരിശോധനകള്‍ക്ക് നല്‍കുന്നുണ്ട്. ഈ പരിശോധനയില്‍ അനര്‍ഹരാണെന്നു കണ്ടെത്തുന്ന കുടുംബങ്ങള്‍ക്കു പകരം അര്‍ഹരായ കുടുംബങ്ങളെ ഉള്‍പ്പെടുത്തന്ന നടപടികള്‍ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ട്.
കേന്ദ്രം സംസ്ഥാനത്തിന് പ്രതിവര്‍ഷം 14.25 ലക്ഷം മെ.ടണ്‍ ഭക്ഷ്യധാന്യമാണ് അനുവദിച്ചുവരുന്നത്. റേഷന്‍ വിതരണം സുതാര്യവും കാര്യക്ഷമവുമായി നടന്നു വരികയാണ്. പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമാക്കിയതോടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുളള റേഷന്‍ സാധനങ്ങളുടെ 95 ശതമാനത്തോളം പ്രതിമാസ വിനിയോഗമുണ്ടാകുന്നുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു.
Discussion about this post