തിരുവനന്തപുരം: കാര്‍ഷികരംഗത്തേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ കൃഷിരീതികള്‍ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് എല്ലായിടത്തും കാര്‍ഷികരീതികളില്‍ മാറ്റം വന്നിട്ടുണ്ട്. ഉത്പാദിപ്പിക്കുന്ന പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കാനും വിപണനം ചെയ്യാനുമുള്ള സൗകര്യം കേരളമാകെ ഒരുക്കുകയാണ് ലക്ഷ്യം. കൃഷിക്കാരുമായി അടുത്തുനില്‍ക്കുന്ന സഹകരണമേഖലയുടെ വിഭവശേഷി ഇതിനായി ഉപയോഗിച്ച് പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കാന്‍ കോള്‍ഡ് സ്റ്റോറേജ് സൗകര്യം ഒരുക്കാനാകും. ഒരു സഹകരണ ബാങ്കിന്റെ പരിധിയില്‍ ഒരു കോള്‍ഡ് സ്റ്റോറേജ് നിര്‍മിക്കുകയെന്നത് മിക്ക സംഘങ്ങള്‍ക്കും ചെയ്യാനാവുന്നതാണ്. ഇതിനൊപ്പം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിപണനത്തിനും സൗകര്യമൊരുക്കിയാല്‍ നമുക്കാവശ്യമുള്ളത് മാത്രമല്ല വിദേശത്തേക്ക് വരെ കയറ്റി അയക്കാനുള്ള പച്ചക്കറി ഉത്പാദിപ്പിക്കാനാകും.
ഭക്ഷണം വിഷരഹിതമാകണം എന്ന പൊതുബോധം വളര്‍ന്നതിനാലാണ് വീടുകളില്‍ കഴിയുന്ന രീതിയില്‍ പച്ചക്കറി കൃഷിയിലേക്ക് തിരിയാന്‍ മലയാളികെള പ്രേരിപ്പിച്ചത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓണത്തിനൊരു മുറം പച്ചക്കറി ഉള്‍പ്പെടെയുള്ള പദ്ധതികളുമായി വന്നതോടെ കൃഷി വര്‍ധിപ്പിക്കാനുമായി. ഓണക്കാലത്ത് ആവശ്യമായ പച്ചക്കറി നമുക്ക് ഉത്പാദിപ്പിക്കാനാകും. ഈ നില തുടര്‍ന്നാല്‍ നമുക്ക് ആവശ്യമുള്ളതും കയറ്റി അയക്കാനുള്ളതും നമുക്ക് ഉത്പാദിപ്പിക്കാനാകും. എത്ര ഭക്ഷണം കഴിക്കണം, അതില്‍ എത്ര കലോറി വേണം തുടങ്ങിയ കാര്യങ്ങളില്‍ മലയാളികള്‍ക്ക് കൂടുതല്‍ അവബോധം ഉണ്ടാകേണ്ടതുണ്ട്. കുട്ടികളെ കൃഷി സംബന്ധമായ പരിപാടികളില്‍ ഉള്‍പ്പെടുത്തുന്നത് നല്ല പ്രോത്സാഹനമാണ്. ഇതിന്റെ തുടര്‍പ്രവര്‍ത്തനം കുട്ടികളുടേതായി വീടുകളിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വേദിയില്‍ വീട്ടമ്മമാര്‍ക്കുള്ള പച്ചക്കറി തൈ, റസിഡന്‍സ് അസോസിയേഷനുകള്‍ക്കുള്ള വിത്ത് തുടങ്ങിയവയുടെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തിന്റെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. വിദ്യാലയങ്ങളില്‍ പച്ചക്കറികൃഷി നടത്താന്‍ വിദ്യാഭ്യാസവകുപ്പ് നേതൃത്വം നല്‍കുമെന്നും എല്ലാ വിദ്യാര്‍ഥികളിലും ഈ സംസ്‌കാരം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയിലൂടെ മൂന്നുവര്‍ഷം കൊണ്ട് 4,87,000 മെട്രിക് ടണ്‍ പച്ചക്കറി കൃഷി സംസ്ഥാനത്ത് വര്‍ധിപ്പിക്കാനായതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എല്ലാവരും കൃഷിക്കാരാകണം, എല്ലായിടത്തും കൃഷിചെയ്യണം എന്നതാണ് കൃഷിവകുപ്പിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
പച്ചക്കറി ഉത്പാദനം സംസ്ഥാനത്ത് സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ ഉത്പാദിപ്പിക്കുന്നതിനാണ് ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതി മൂന്നുവര്‍ഷമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നത്. ഇതിനായി വകുപ്പിന്റെ സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതിയില്‍പ്പെടുത്തിയാണ് വീട്ടുവളപ്പിലെ കൃഷിക്കായി 65 ലക്ഷം വിത്തുപാക്കറ്റുകളും, 160 ലക്ഷം പച്ചക്കറിതൈകളുമാണ് കര്‍ഷകര്‍, വീട്ടമ്മമാര്‍, കര്‍ഷക ഗ്രൂപ്പുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്ക് നല്‍കുന്നത്.
Discussion about this post