തിരുവനന്തപുരം: എല്ലാത്തരം മാലിന്യവും പൂര്‍ണമായി സംസ്‌കരിക്കാനാവുന്ന രീതികള്‍ സ്വീകരിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടാകെ മാലിന്യമുക്തമാകുന്നതിന് എല്ലാ മേഖലയിലുള്ളവരും പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്‌കാരങ്ങള്‍ ശ്രീകാര്യം എനര്‍ജി മാനേജ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള്‍ മാലിന്യം സംസ്‌കരിക്കുന്നതിന് ശരിയായ നില സ്വീകരിച്ചാല്‍ അത് പിന്നീടുള്ളവരും തുടരും. ഇത് നമുക്ക് മാത്രമല്ല, വരും തലമുറകള്‍ക്കും ആവശ്യമാണ്. മാലിന്യസംസ്‌കരണത്തിന് കൃത്യമായ പരിശോധനകള്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് നടത്തുന്നുണ്ട്. ഇത് തുടരുകയും ഇത്തരത്തിലെ എല്ലാ ഏജന്‍സികളും ഇക്കാര്യം ശ്രദ്ധിക്കുകയും നാട്ടുകാര്‍ സഹകരിക്കുകയും ചെയ്താല്‍ മാലിന്യമുക്തമാക്കുക എന്നത് അസാധ്യമല്ല.
മാലിന്യസംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യവസായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇവര്‍ക്ക് കഴിയുമെങ്കില്‍ എല്ലാ വ്യവസായങ്ങള്‍ക്കും ഇതിന് കഴിയും.
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുവേ സമൂഹം തിരിച്ചറിയുന്ന കാലഘട്ടമാണിത്. പല ജീവജാലങ്ങള്‍ക്കും ആവാസവ്യവസ്ഥ തന്നെ നഷ്ടമായത് മനുഷ്യരുടെ ഇടപെടല്‍ മൂലമാണ്. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ലോകമാകെ നടക്കുന്നത്. ജലാശയങ്ങള്‍ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നമുക്ക് മുന്നേറാനായിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനങ്ങളുടെ ദിശയിലേക്കും കേരളം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത് പരിസ്ഥിതി വാര്‍ത്ത പ്രകാശനം ചെയ്തു. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ ഡോ. അജിത് ഹരിദാസ് സ്വാഗതവും മെമ്പര്‍ സെക്രട്ടറി എസ്. ശ്രീകല നന്ദിയും പറഞ്ഞു. ചടങ്ങിനുമുന്നോടിയായി വായു മലിനീകരണം സംബന്ധിച്ച് ശില്‍പശാല നടന്നു.
കഴിഞ്ഞവര്‍ഷം മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങളാണ് അവാര്‍ഡുകള്‍ എറ്റുവാങ്ങിയത്. തദ്ദേശസ്ഥാപനങ്ങളില്‍ (5 ലക്ഷത്തിനുമേല്‍ ജനസംഖ്യ വിഭാഗം) ഒന്നാംസ്ഥാനം കോഴിക്കോട് കോര്‍പറേഷന്‍, ഒന്നുമുതല്‍ അഞ്ചുലക്ഷം ജനസംഖ്യയുള്ളവയില്‍ ഒന്നാമത് കൊയിലാണ്ടി മുനിസിപ്പാലിറ്റിയും, രണ്ടാമത് വടകര മുനിസിപ്പാലിറ്റിയും എത്തി. പൊതു സ്വീവേജ് സംസ്‌കരണ പ്ലാന്റില്‍ മുട്ടത്തറ പ്ലാന്റ് ഒന്നാമതും വെല്ലിങ്്ടണ്‍ ഐലന്റ് പ്ലാന്റ് രണ്ടാമതുമെത്തി. ആശുപത്രികളില്‍ ഒന്നാംസ്ഥാനം എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിനും രണ്ടാം സ്ഥാനം ഡി.എം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും മൂന്നാംസ്ഥാനം മാനന്തവാടി ജില്ലാ ആശുപത്രിയും നേടി.
ഹോട്ടലുകളില്‍ ഇടുക്കി സ്പൈസ് വില്ലേജ് ഒന്നാംസ്ഥാനവും തിരുവനന്തപുരം ഹില്‍ട്ടണ്‍ ഇന്‍ രണ്ടാം സ്ഥാനവും കാസര്‍കോട് ഖന്ന ഹോട്ടല്‍സ് മൂന്നാംസ്ഥാനവും നേടി. വ്യവസായങ്ങളില്‍ അഞ്ച് എം.എല്‍.ഡിക്ക് മുകളില്‍ മലിനജലം ഉത്പാദിപ്പിക്കുന്നവയില്‍ അഗസ്റ്റന്‍ ടെക്സ്റൈല്‍ കളേഴ്സ് പാലക്കാട് ഒന്നാമതും ബി.പി.സി.എല്‍ കൊച്ചി റിഫൈനറി രണ്ടാമതുമെത്തി. ഒന്നുമുതല്‍ അഞ്ചു എം.എല്‍.ഡി വരെ മലിനജലം ഉത്പാദിപ്പിക്കുന്നവയില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഒന്നാംസ്ഥാനവും ആലപ്പുഴ എക്സ്ട്രാ വീവ് യൂണിറ്റ് ഒണ്‍ രണ്ടാംസ്ഥാനവും നേടി. ക്രഷറുകളില്‍ എറണാകുളം പാറക്കല്‍ ഗ്രാനൈറ്റും പത്തനംതിട്ട മാവനാല്‍ ഗ്രാനൈറ്റ്സും കണ്ണൂര്‍ പയ്യാവൂറ ക്രഷേഴ്സും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.
Discussion about this post