ബംഗളൂരു: എഴുത്തുകാരനും നാടകകൃത്തും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കന്നഡ സാഹിത്യത്തിന് പുതിയ മുഖം നല്‍കിയ എഴുത്തുകാരനായിരുന്നു കര്‍ണാട്. എഴുത്തുകാരനുപുറമേ നടനും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കര്‍ണാടിനു രാജ്യം 1992ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 1974ല്‍ പത്മശ്രീയും അദ്ദേഹത്തെ തേടി എത്തിയിരുന്നു. സാഹിത്യത്തിനുള്ള ഭാരതത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം 1998ലാണ് അദ്ദേഹത്തിന് നല്‍കിയത്. 1938 മേയ് 19ന് മഹാരാഷ്ട്രയിലെ മാതേരാനിലാണ് ഗിരീഷ് കര്‍ണാട് ജനിച്ചത്. വംശവൃക്ഷ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനുമായി. ഹിന്ദി സിനിമകളിലും ടിവി പരമ്പരകളിലും അഭിനയിച്ചിരുന്നു.
Discussion about this post