അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തടുക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിലേക്കു ഗതി മാറിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഗുജറാത്ത് തീരം തൊട്ടാലും കരയിലേക്ക് ശക്തമാകില്ലെന്നാണ് നിഗമനം. വായു ചുഴലിക്കാറ്റ് വ്യാഴാഴ്ച ഉച്ചയോടെ ഗുജറാത്ത് തീരത്തെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഗുജറാത്ത് തീരം തൊടാതെ വടക്ക്-പടിഞ്ഞാറ് ദിശയില്‍ ഗുജറാത്ത് തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ദ്വാരകയ്ക്ക് സമീപം കടലില്‍ തന്നെ ഇല്ലാതാവും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ എറ്റവും പുതിയ പ്രവചനം. ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 1.6 ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് ജനങ്ങളെ ഒഴിപ്പിച്ചത്. ഈ മേഖലകളിലെ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍ഡിആര്‍എഫിന്റെ 50 ടീമുകള്‍ ഗുജറാത്തിലെത്തിയിട്ടുണ്ട്. ഓരോ ടീമിലും 45 പേര്‍ വീതമുണ്ട്. കരസേനയും നാവികസേനയും രംഗത്തുണ്ട്. കച്ച്, മോര്‍ബി, ജാംനഗര്‍, ജൂനഗഡ്, ദേവഭൂമി-ദ്വാരക, അമ്രേലി, ഭാവ്‌നഗര്‍, ഗിര്‍-സോമനാഥ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ ജില്ലകളിലേക്കുള്ള 40 ട്രെയിനുകള്‍ റദ്ദാക്കി. 28 ട്രെയിനുകളുടെ യാത്ര വെട്ടിച്ചുരുക്കി.
എല്ലാവരോടും സർക്കാർ നടപടികളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഗുജറാത്തിലെ അഡീ. ചീഫ് സെക്രട്ടറി പങ്കജ് കുമാർ അറിയിച്ചു. ജാഗ്രതാ നിർദേശം നൽകിയ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. വേണ്ടത്ര ദുരിതാശ്വാസക്യാമ്പുകൾ തുറക്കണമെന്നും കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്നും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളെ ഗുജറാത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഓരോ കമ്പനിയിലും 45 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ബോട്ടുകളും മരങ്ങൾ മുറിച്ച് നീക്കാനുള്ള സാമഗ്രികളും ടെലികോം ഉപകരണങ്ങളും ആവശ്യത്തിന് ഓരോ ടീമിന്‍റെയും പക്കലുണ്ട്. ഇവിടേക്ക് പത്ത് ടീമുകളെക്കൂടി നിയോഗിക്കാൻ ഗുജറാത്ത് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ഈ സംഘങ്ങളും അവിടെ എത്തും. ഇതോടെ ആകെ 35 കമ്പനി കേന്ദ്രസേന ഇവിടെ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടാവും.
വൈദ്യുതി, വാർത്താ വിനിമയം എന്നീ സൗകര്യങ്ങളും കുടിക്കാൻ ശുദ്ധമായ വെള്ളം ഉറപ്പാക്കുകയും ആശുപത്രികൾ സജ്ജമാക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിലേതെങ്കിലുമൊന്നിന് തടസ്സം നേരിട്ടാൽ അടിയന്തരമായി ഇടപെടണമെന്നും നിർദേശമുണ്ട്.
Discussion about this post