തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദ രോഗമുണ്ടെന്ന പേരില്‍ വീട്ടമ്മയ്ക്ക് കീമോ തെറാപ്പി ചികിത്സ നടത്തിയ സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍ക്ക് അനാവശ്യമായ തിടുക്കമുണ്ടായി. ആശുപത്രിയിലെ ചികിത്സ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമേ ഡോക്ടര്‍മാര്‍ ചികിത്സ നടത്താവൂ എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കീമോക്ക് വിധേയയാകേണ്ടിവന്ന മവേലിക്കര കുടശനാട് സ്വദേശി രജനിക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തുടര്‍ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കും. സംഭവത്തേകുറിച്ച് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രജനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് സ്ഥിരമായി പ്രശ്‌നങ്ങളുണ്ടെന്ന് പറയാനാകില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post