തിരുവനന്തപുരം: പരിസ്ഥിതി സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ ലേഖനമോ കത്തോ ഉപന്യാസമോ പ്രസംഗമോ എഴുതി അയച്ചുനല്‍കാന്‍ സ്‌കൂള്‍ കുട്ടികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. കേരളത്തിലെ 43 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് അയച്ച കത്തിലാണ് ഈ ആഹ്വാനം. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മുഖ്യമന്ത്രിയുടെ കത്ത് ഓരോ കുട്ടിക്കും നല്‍കി വരികയാണ്.
എല്‍.പി. -യു.പി വിഭാഗം കുട്ടികള്‍ക്കും ഹൈസ്‌ക്കൂള്‍ – ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ക്കും പ്രത്യേകം വിഷയങ്ങള്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. വെളളത്തെക്കുറിച്ച് എന്തറിയാം? പുഴകളും നദികളും, വെളളം വെറുതെ കളയരുതേ, മനുഷ്യരെല്ലം ഒന്ന്, മരങ്ങള്‍ വളര്‍ത്താം, കാലാവസ്ഥ മാറാതെ കാക്കാം, വെളളപ്പൊക്കം നമ്മെ പഠിപ്പിച്ചതെന്ത് എന്നീ വിഷയങ്ങളാണ് എല്‍.പി- യു.പി. കുട്ടികള്‍ക്കായി നിര്‍ദേശിച്ചിട്ടുളളത്.
ജലസംരക്ഷണം – കുട്ടികളുടെ ചുമതലകളും കടമകളും, മാലിന്യ നിര്‍മ്മാര്‍ജ്ജനം – കേരളം നേരിടുന്ന വെല്ലുവിളികള്‍, മനുഷ്യര്‍ നാം ഒറ്റക്കെട്ട്, ഹരിതകേരളം വിവക്ഷയും ചിന്തകളും, കാലാവസ്ഥ വ്യതിയാനം – സ്വീകരിക്കേണ്ട കരുതലുകള്‍, പ്രളയം നമ്മെ എന്തു പഠിപ്പിച്ചു എന്നീ വിഷയങ്ങളാണ് ഹൈസ്‌ക്കൂള്‍ – ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയിട്ടുളളത്.
ജീവനായും ചിലപ്പോള്‍ അന്തകനായും ഒഴുകിയെത്തുന്ന ജലത്തെക്കുറിച്ച് ശാസ്ത്ര പുസ്തകങ്ങളില്‍ ഏറെയുണ്ടെന്നും ജലത്തെപ്പറ്റി കൂടുതല്‍ പഠിക്കുകയും അറിയുകയും ചെയ്യുക എന്നത് ഓരോ കുട്ടിയുടെയും കടമയാണെന്നും മുഖ്യമന്ത്രി കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. നദികളേയും പുഴകളേയും നാം അറിയണം, പ്രളയം എന്തുകൊണ്ടാണെന്നും എങ്ങനെയെന്നും നാം മനസ്സിലാക്കണം. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ സഹായകമായ രീതിയില്‍ ചിട്ടപ്പെടുത്തിയ രൂപകല്പനകളും നിര്‍മ്മാണങ്ങളും ഉള്‍ക്കൊണ്ട നവകേരളമാണ് നമ്മുടെ ലക്ഷ്യമെന്നും കത്തില്‍ പറയുന്നു.
മികച്ച രചനകള്‍ ജില്ലാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുകയും കുട്ടികള്‍ക്ക് നേരിട്ട് അനുമോദനം നല്‍കുകയും ചെയ്യും. രചനകള്‍ അധ്യാപകരെ കാണിച്ച് സാക്ഷ്യപ്പെടുത്തി മൊബൈല്‍ ഫോണിലൂടെ സ്‌കാന്‍ ചെയ്ത് ഫോണിലൂടെ തന്നെ മുഖ്യമന്ത്രിക്ക് അയക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് കൃതികള്‍ അയക്കേണ്ടത്.
Discussion about this post