ന്യൂഡല്‍ഹി: ബഹിരാകാശത്ത് സ്വന്തം നിലയം എന്നസ്വപ്നം ഐഎസ്ആര്‍ഒ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുന്നു. സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ഭാഗമായാണ് ബഹിരാകാശ നിലയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന് 20 ടണ്‍ ഭാരമുള്ള നിലയത്തില്‍ ബഹിരാകാശ പര്യവേഷകര്‍ക്ക് 15 മുതല്‍ 20 ദിവസം വരെ താമസിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്യുന്നത്. ഗഗന്‍യാന്‍ പദ്ധതിക്കു പിന്നാലെ അഞ്ചുവര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ ഇതിനായെടുക്കുമെന്നും ഡോ. ശിവന്‍ പറഞ്ഞു.
2022 സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുമെന്ന് ഐഎസ്ആര്‍ഒയുടെ നാലു സുപ്രധാന ദൗത്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയും ഐഎസ്ആര്‍ഒ ഡയറക്ടര്‍ ഡോ.കെ. ശിവനും പങ്കെടുത്ത പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ആദ്യ ഗഗന്‍യാന്‍ ദൗത്യത്തില്‍ രണ്ടോ മൂന്നോ പേരെയായിരിക്കും ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത്. പതിനായിരം കോടി രൂപ മുതല്‍ മുടക്കാണ് പദ്ധതിക്കായി ഉദ്ദേശിക്കുന്നത്. ഗഗന്‍യാന്‍ ദേശീയ ഉപദേശക കൗണ്‍സിലിനായിരിക്കും പദ്ധതിയുടെ മേല്‍നോട്ട ചുമതല. ഇന്ത്യയില്‍ തന്നെ ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി. ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം അടുത്ത മാസം പതിനഞ്ചോടെ ഉണ്ടാകുമെന്ന അറിയിപ്പിനു തൊട്ടുപിന്നാലെയാണ് ഗഗന്‍യാന്‍ ദൗത്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ ആദിത്യ മിഷന്‍, വീനസ് മിഷന്‍ എന്നിവയാണ് ഐഎസ്ആര്‍ഒയുടെ മറ്റു രണ്ടു പ്രധാന പദ്ധതികള്‍. അടുത്ത മാസത്തിനുള്ളില്‍ ബഹിരാകാശ യാത്രികരെ ശാസ്ത്രജ്ഞര്‍ തെരഞ്ഞെടുക്കും. ഐഎസ്ആര്‍ഒ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രികരെ തെരഞ്ഞെടുക്കുന്നത്.
വീനസ് മിഷന്‍ ശുക്രനെക്കുറിച്ച് പഠിക്കാനുള്ള ദൗത്യവും ആദിത്യ മിഷന്‍ സൂര്യനെക്കുറിച്ചുപഠിക്കാനുള്ള ദൗത്യവുമാണ് മുന്നേറുന്നത്. 2022- ഓടെ ശാസ്ത്രസാങ്കേതിക രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയുടെ കീര്‍ത്തി ഭ്രമണപഥത്തിന് അപ്പുറത്തേക്ക് ഉയര്‍ത്താന്‍ ‘വ്യോമോനട്ടുകള്‍’ എന്ന പേരില്‍ മൂന്ന് ഇന്ത്യാക്കാര്‍ തന്നെയാണ് 2022ല്‍ ബഹിരാകാശത്തേക്കു കുതിക്കുന്നത്. പദ്ധതി വിജയിക്കുന്നതോടെ മൂന്ന് ഇന്ത്യക്കാര്‍ ഏഴു ദിവസം ബഹിരാകാശത്തു താമസിച്ചു മടങ്ങിയെത്തും.
പതിനായിരം കോടി രൂപയുടെ ഗഗന്‍യാന്‍ ബഹിരാകാശ പദ്ധതിക്ക് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ബഹിരാകാശത്ത് സ്വതന്ത്രമായി മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഒരുക്കങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നുവെങ്കിലും കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്. ബഹിരാകാശഗവേഷണ രംഗത്തെ ഇന്ത്യയുടെ കുതിപ്പ് ലോകം ഉറ്റുനോക്കുകയാണ്. താരത്യോന ചെലവുകുറച്ച് നൂതന ആശയങ്ങളിലൂടെ ഗവേഷണരംഗത്ത് കരുത്തോടെ മുന്നേറുകയാണ് ഐഎസ്ആര്‍ഒ.
Discussion about this post