കൊച്ചി – സാമൂഹ്യ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്റര്‍ ഉയര്‍ത്തിയ മൂല്യങ്ങള്‍ പുതുതലമുറയ്ക്കിടയില്‍ കൂടുതല്‍ പ്രസക്തമായ കാലഘട്ടമാണിതെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം. ഇടക്കൊച്ചി ജ്ഞാനോദയം സഭ ശതാബ്ദിയാഘോഷത്തിന്റെ സമാപന സമ്മേളനം ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണ്ണര്‍.
സാമൂഹ്യ ഇടപഴകലുകള്‍ കുറയുന്ന ഇന്നത്തെ സഹചര്യത്തില്‍ ജ്ഞാനോദയം സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണ്. പാവപ്പെട്ടവര്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കുന്നതിലും, വീട് നിര്‍മിച്ചു കൊടുക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്നതിലും സഭ ഏറെ ശ്രദ്ധിക്കുന്നു. പണ്ഡിറ്റ് കറുപ്പന്‍ സ്ഥാപിച്ച സഭ പാവപ്പെട്ടവര്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ ബഹുദൂരം മുന്നേറട്ടെ എന്ന് ഗവര്‍ണര്‍ ആശം സിച്ചു.
ചടങ്ങില്‍ എം സ്വരാജ് എം എല്‍ എ അധ്യക്ഷത വഹിച്ചു.കലാസാംസ്‌കാരിക രംഗത്ത് സംഭാവന നല്‍കിയ വ്യക്തികളായ എസ്.രമേശന്‍, ചന്തിരൂര്‍ ദിവാകരന്‍, ഡോ.കെ.എസ്.അജയകുമാര്‍, പി.എസ്.ബാലകൃഷ്ണന്‍ നായര്‍, ശില്പി എ.എം.രതീഷ് കുമാര്‍, ഡോക്ട്രേറ്റ് നേടിയ കെ.എ.ബിനു, ആര്‍.രഞ്ജിഷ, എം.പി.പ്രവിത, പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ വിഷ്ണു പ്രമോദ്, നന്ദന ഷാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പണ്ഡിറ്റ് കറുപ്പന്‍ സ്മാരക മന്ദിരത്തിനു മുന്നില്‍ സ്ഥാപിക്കുന്ന കറുപ്പന്‍ മാസ്റ്ററുടെ വെങ്കല പ്രതിമ ഗവര്‍ണ്ണര്‍ ധീവരസഭ സംസ്ഥാന നേതാക്കള്‍ക്ക് കൈമാറി.
ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, എസ്.ശര്‍മ, പ്രസിഡന്റ് എ.ആര്‍.ശിവജി, സെക്രട്ടറി കെ.ആര്‍.ഉമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
1916 ല്‍ പണ്ഡിറ്റ് കറുപ്പന്‍ സ്ഥാപിച്ച ജ്ഞാനോദയം സഭയുടെ ശതാബ്ദി വര്‍ഷ ഉദ്ഘാടനം 2017ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ശതാബ്ദിയാഘോഷ കാലയളവില്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍, വനം വകുപ്പും റെസിഡന്റ്സ് അസോസിയേഷനുമായി ചേര്‍ന്ന് വൃക്ഷത്തൈ നടീല്‍, കേരളത്തിലെ പ്രൊഫഷണല്‍ നാടക സമിതികളെ പങ്കെടുപ്പിച്ച് കൊണ്ട് നാടക മത്സരം, കായല്‍ സംരക്ഷണ ശില്പശാല, പരിസ്ഥിതി ബോധവത്ക്കരണ ശില്പശാല എന്നിവ സംഘടിപ്പിച്ചിരുന്നു.
Discussion about this post