തിരുവനന്തപുരം: ഊര്‍ജ മേഖലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന അക്ഷയ ഊര്‍ജ അവാര്‍ഡ് 2018 പ്രഖ്യാപിച്ചു.
പ്രൊഫസര്‍ ആര്‍.വി.ജി. മേനോന്‍ (മുന്‍ അനെര്‍ട്ട് ഡയറക്ടര്‍), ഡോ.ആര്‍. ശശികുമാര്‍ ( CAPE ഡയറക്ടര്‍), കെ. അശോകന്‍ (മുന്‍ ബോര്‍ഡ് മെമ്പര്‍, കെ.എസ്.ഇ.ബി), വി.കെ ജോസഫ് (ചീഫ് എന്‍ജിനീയര്‍ ( REES, KSEBL), എബി ജോസഫ് (ജോയിന്റ് ഡയറക്ടര്‍ (PEG, CDAC ), ഡോ.ആര്‍. ഹരികുമാര്‍ (ഇ.എം.സി), സി.റ്റി. അജിത് കുമാര്‍ (സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, അനെര്‍ട്ട്) എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് ജേതാക്കളെ നിശ്ചയിച്ചതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വ്യക്തികള്‍ ഒഴികെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് അവാര്‍ഡ്. വ്യക്തിഗത വിഭാഗത്തിന് അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് ലഭിക്കുന്നത്. ഓരോ വിഭാഗത്തിനും ഒന്നിലധികം ആളുകള്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ടെങ്കില്‍ അവാര്‍ഡ് തുക തുല്യമായി വീതിച്ച് നല്‍കും. പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍ക്ക് ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
37 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. വ്യവസായ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ആലപ്പുഴ വില്‍ട്ടണ്‍ വീവേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് അവാര്‍ഡ്. വാണിജ്യ സ്ഥാപന വിഭാഗത്തില്‍ ആര്‍ക്കും അവാര്‍ഡില്ല. പാലക്കാട് അഹല്യ ഹെല്‍ത്ത് ഹെറിറ്റെജ് & നോളെഡ്ജ് വില്ലജ്, കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്. വാരിയെഴ്സ് ആര്യവൈദ്യശാല എന്നിവര്‍ക്ക് പ്രശസ്തിപത്രം ലഭിക്കും.
വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തില്‍ കോളേജ് ഓഫ് എന്‍ജിനിയറിംഗ് തിരുവനന്തപുരം, പാല സെന്റ് ജോസെഫ്സ് കോളേജ് ഓഫ് എന്‍ജിനിയറിംഗ് & ടെക്നോളജി എന്നിവര്‍ക്ക് അവാര്‍ഡ് ലഭിച്ചു. ഇടുക്കി രാജകുമാരി ജി.വി.എച്ച്.എസ്.എസ്, അടൂര്‍ ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എറണാകുളം സെന്റ് തേരേസാസ് കോളേജ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും. പൊതു സ്ഥാപനങ്ങളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിനാണ് അവാര്‍ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പ്രശസ്തിപത്രം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിന് അവാര്‍ഡ് ലഭിച്ചു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സിസി കത്തിഡ്രലിന് പ്രശസ്തി പത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോട്ടയം കാണക്കാരി ഗ്രാമപഞ്ചയത്തും ആലപ്പുഴ തുറവൂര്‍ ഗ്രാമപഞ്ചായത്തും അവാര്‍ഡ് പങ്കുവച്ചു.
റിസര്‍ച്ച് & ഇന്നൊവേഷന്‍ വിഭാഗത്തില്‍ എറണാകുളം അമൃത വിശ്വവിദ്യാപീഠം, തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗ് എന്നിവര്‍ക്ക് പ്രശസ്തിപത്രം ലഭിക്കും.
അക്ഷയ ഊര്‍ജ രംഗത്തെ വ്യവസായ സ്ഥാപനങ്ങളില്‍ തൃശൂര്‍ സോള്‍ജന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം മൂപ്പന്‍സ് എനര്‍ജി സൊലുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ അവാര്‍ഡ് പങ്കുവച്ചു. കോഴിക്കോട് മുഹമ്മദ് സുബീര്‍ അലിക്കാണ് പ്രോത്സാഹന സമ്മാനം.
വ്യക്തികളില്‍ കോഴിക്കോട് എന്‍.ഐ.ടിയിലെ ഡോ.എസ്.കുമാരവേലിനാണ് പുരസ്‌കാരം. തിരുവനന്തപുരം കര്‍മ്മധാര ചാരിറ്റബിള്‍ സൊസൈറ്റിയിലെ സുനീഷ് കുമാര്‍, തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗിലെ സേവിയര്‍ ജെ.എസ്. എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്.
Discussion about this post