തിരുവനന്തപുരം: കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുന്നത് വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലാനുസൃതമായ മികവോടെ പുതിയ മേഖലകള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ ആരംഭിക്കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല ആസ്ഥാനത്ത് ഡോ. കെ.ആര്‍. നാരായണന്‍ സ്മാരക വിദ്യാര്‍ഥി സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാലം മാറുമ്പോള്‍ ചട്ടപ്പടി കോഴ്സുകള്‍ മാത്രം പോരാ. കേരളത്തില്‍നിന്ന് വേണ്ടത്ര അര്‍ഹരായ ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ല എന്ന് അടുത്തിടെ സംസ്ഥാനത്തെത്തുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ പറഞ്ഞിരുന്നു. പുതിയ മേഖലകള്‍ തുറക്കുമ്പോള്‍ അത്തരത്തിലുള്ള പഠനത്തിനുള്ള കോഴ്സുകളാണ് ആവശ്യം. ഇത്തരം കോഴ്സുകള്‍ക്ക് നമ്മുടെ നാട്ടില്‍ മാത്രമല്ല, പുറത്തും ആവശ്യക്കാരുണ്ട്. ഇതിനുള്ള തുടക്കമായാണ് പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസവര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ എല്ലാ പി.ജി, ഡിഗ്രി ഉള്‍പ്പെടെയുള്ള കോഴ്സുകളുടെ ക്ലാസ് തുടങ്ങാനും അടുത്തവര്‍ഷം കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
യഥാസമയം സര്‍ട്ടിഫിക്കറ്റുകളും വിവരങ്ങളും ലഭിക്കാതിരുന്നത് മുമ്പൊക്കെ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ഥികള്‍ക്ക് സൃഷ്ടിച്ചിരുന്നു. പുതിയ സേവന കേന്ദ്രം ഈ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നതവിദ്യാഭ്യാസരംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. ന്യൂജെന്‍ കോഴ്സുകളായ റോബോട്ടിക് എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫുഡ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളില്‍ പുതിയ കോഴ്സുകളാണ് കോളേജുകളിലും സര്‍വകലാശാലകളിലും കൊണ്ടുവരുന്നത്. 120 ഓളം കോളേജുകള്‍ക്ക് റൂസ ഫണ്ട് ലഭ്യമാക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. ‘അതിജീവനം’ പ്രത്യേക പതിപ്പിന്റെ പ്രകാശനം വി.എസ്. ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. പി.പി. അജയകുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാന്‍, ഡോ. ആര്‍. ലതാദേവി, ഡോ. എസ്. നസീബ്, ജെ.എസ്. ഷിജുഖാന്‍, ജി. സുഗുണന്‍, എം. ലെനിന്‍ലാല്‍, എം. ഹരികൃഷ്ണന്‍, റിസര്‍ച്ചേഴ്സ് യൂണിയന്‍ ചെയര്‍മാന്‍ കെ. സ്റ്റാലിന്‍, സ്റ്റുഡന്റ്സ് യൂണിയന്‍ ചെയര്‍മാന്‍ ഷിംജില്‍ കണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ള സ്വാഗതവും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. സി.ആര്‍. പ്രസാദ് നന്ദിയും പറഞ്ഞു.
8.40 കോടി രൂപ ചെലവിട്ട് രണ്ടുഘട്ടങ്ങളിലായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ ഡോ. കെ.ആര്‍. നാരായണന്‍ സ്മാരക വിദ്യാര്‍ഥി സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. പുതിയ ക്യാന്റീന്‍ കോംപ്ലക്സിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു.
Discussion about this post