തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളം കയ്യാങ്കളിയുടെ വക്കിലെത്തിയതിനാല്‍ നിയമസഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മാവേലിക്കര എം.എല്‍.എ ആര്‍. രാജേഷിന് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റതിനെക്കുറിച്ച് നിയമസഭാ കമ്മിറ്റി അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. സമരം ചെയ്‌ത് സര്‍ക്കാരിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതോടെ സ്‌പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു.
വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനിടെ എസ്.എഫ്.ഐ നേതാവ് കൂടിയായ ആര്‍. രാജേഷ് എം.എല്‍.എയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം സമരക്കാര്‍ എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥി സമരം നേരിടുന്നതില്‍ പോലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും മുഖ്യമന്ത്രിയും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. ഇതോടെ പരിക്കേറ്റ എം.എല്‍.എയെ കൂട്ടി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. ഭരണ പ്രതിപക്ഷാംഗങ്ങള്‍ കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് എം.എല്‍.എമാരെ പിന്തിരിപ്പിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ വസ്‌ത്രങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി ആയിരുന്നു ബഹളം. എം.എല്‍.എ മാര്‍ക്കുപോലും പോലീസില്‍നിന്ന് രക്ഷയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പോലീസ് കോളേജുകളില്‍ കടന്നുകയറി വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം നടത്തുകയാണെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് അടിയന്തിരപ്രമേയം ഉടനുണ്ടെന്ന് സ്‌പീക്കര്‍ അറിയിച്ചു.
Discussion about this post