തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂണ്‍ 21 മുതല്‍ 26 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. കൈരളി തിയേറ്ററില്‍ ജൂണ്‍ 21ന് വൈകിട്ട് ആറിനാണ് ഉദ്ഘാടനച്ചടങ്ങ്.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം പ്രമുഖ ഡോക്യുമെന്ററി സംവിധായിക മധുശ്രീ ദത്തയ്ക്ക് ജൂണ്‍ 26ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഇതുവരെ അഞ്ചു ദിവസമായിരുന്ന മേള ഇത്തവണ ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്. മലയാള സിനിമയുടെ പ്രാതിനിധ്യം കൂട്ടുന്നതിനും കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുമാണ് മേളദിനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 206 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇത്തവണ 262 ചിത്രങ്ങള്‍ കൈരളി, ശ്രീ, നിള എന്നീ തിയറ്ററുകളിലായി പ്രേക്ഷകരുടെ മുന്നിലെത്തും.
അഗസ്റ്റിനോ ഫെറെന്റെ സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രമായ ‘സെല്‍ഫി’ആണ് ഉദ്ഘാടന ചിത്രം. രണ്ടു യുവാക്കളുടെ ക്യാമറക്കാഴ്ചകളിലൂടെ നേപ്പിള്‍സ് നഗരത്തിലെ ഇരുണ്ട കോണുകളിലെ സംഘടിത കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പരീക്ഷണാത്മക സംരംഭമാണ് 86 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി.
63 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോംഗ് ഡോക്യുമെന്റി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മല്‍സരം നടക്കുക. അന്താരാഷ്ട്ര വിഭാഗത്തില്‍ 44, ഫോക്കസ് വിഭാഗത്തില്‍ 74, മലയാളം വിഭാഗത്തില്‍ 19 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് സംവിധായകന്‍ പാരഞ്ജിത്തിന്റെ ‘മഗിഴ്ചി’ ഉള്‍പ്പെടെ ആറ് മ്യൂസിക് വീഡിയോകളും ഒമ്പത് അനിമേഷന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഈയിടെ അന്തരിച്ച ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന്റെ അമരക്കാരി ആഗ്നസ് വാര്‍ദ, ലബനീസ് സംവിധായികയും മാധ്യമപ്രവര്‍ത്തകയുമായ ജോസ്ലിന്‍ സാബ് എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അമേരിക്കന്‍ സംവിധായകന്‍ ബില്‍ മോറിസണിന്റെ ‘ദ ഗ്രേറ്റ് ഫ്ളഡ്’ ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അടൂര്‍ ഗോപാലകൃഷ്ണന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ ഹ്രസ്വചിത്രം ‘സുഖാന്ത്യ’വും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവായ ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് ചലച്ചിത്ര അക്കാദമി നിര്‍മ്മിച്ച ‘ഋതുരാഗം’ എന്ന ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരിക്കും.
മേളയുടെ ഭാഗമായി ഫേസ് റ്റു ഫേസ്, ഇന്‍ കോണ്‍വെര്‍സേഷന്‍, സെമിനാര്‍ എന്നീ പരിപാടികളും നടക്കും. അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ സി.ശരത്ചന്ദ്രന്റെ പേരിലുള്ള അനുസ്മരണ പ്രഭാഷണം ജൂണ്‍ 23ന് പ്രമുഖ പത്രപ്രവര്‍ത്തകനും ദ ഹിന്ദുവിന്റെ മുന്‍ റൂറല്‍ എഡിറ്ററുമായ പി. സായ്നാഥ് നിര്‍വഹിക്കും.
കഥാവിഭാഗത്തില്‍ പ്രശസ്ത തമിഴ് സംവിധായകനും തിരക്കഥാകൃത്തുമായ വസന്ത് സായ്, ആസാമീസ് സംവിധായികയും ചെറുകഥാകൃത്തുമായ മഞ്ജു ബോറ, ചലച്ചിത്ര നിരൂപക നമ്രത ജോഷി എന്നിവരും, കഥേതര വിഭാഗത്തില്‍ സ്പാനിഷ് സംവിധായിക ആന്‍ഡ്രിയ ഗുസ്മാന്‍, മണിപ്പൂരി സംവിധായകന്‍ ഹോബാം പബന്‍കുമാര്‍, ഡോക്യുമെന്ററി സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ സഞ്ജയ് കാക്ക് എന്നിവരുമാണ് ജൂറി അംഗങ്ങള്‍.
മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ഷോര്‍ട്ട് ഡോക്യുമെന്ററിക്ക് 50,000 രൂപയും പ്രശസ്തിപത്രവും അംഗീകാരമായി ലഭിക്കും. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. കേരളത്തില്‍ നിര്‍മിക്കപ്പെട്ട മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.
മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകന് പ്രമുഖ ക്യാമറാമാന്‍ നവ്റോസ് കോണ്‍ട്രാക്റ്റര്‍ ഏര്‍പ്പെടുത്തിയ 15,000 രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കും.
www.idsffk.in എന്ന വെബ്സൈറ്റില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. മുതിര്‍ന്നവര്‍ക്ക് 400 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ജൂണ്‍ 20 വൈകിട്ട് മുതല്‍ ഡെലിഗേറ്റ് കാര്‍ഡുകള്‍ വിതരണംചെയ്യും. ഡെലിഗേറ്റ് രജിസ്ട്രേഷനുള്ള ഹെല്‍പ്പ് ഡെസ്‌ക് കൈരളി തിയേറ്ററില്‍ പ്രവര്‍ത്തിച്ചുവരുന്നു.
Discussion about this post