തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന പരിപാടിയായ ഡി.ഡി.യു.ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) രണ്ടാംഘട്ടത്തില്‍ അടുത്ത മൂന്നു വര്‍ഷം കൊണ്ട് 80,000 പേര്‍ക്ക് പരിശീലനവും നിയമനവും നല്‍കാന്‍ ലക്ഷ്യമിടുന്നു. ആദ്യ ഘട്ടത്തില്‍ മൂന്നു വര്‍ഷത്തില്‍ 51,200 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും നിയമനവും നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നു. ഇതില്‍ 40,000 പേരുടെ പരിശീലനം പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ പരിശീലനം പുരോഗമിക്കുകയാണ്. 30,000 പേര്‍ക്ക് വിവിധയിടങ്ങളില്‍ നിയമനമായി. വിദേശത്തുള്‍പ്പെടെ തൊഴില്‍ നല്‍കാനായത് നേട്ടമാണെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന പരിപാടിയായ ഡി.ഡി.യു.ജി.കെ.വൈ രണ്ടാംഘട്ടത്തിന്റെ ഔദ്യോഗിക തുടക്കം കുറിക്കലും പുതിയ പ്രൊജ്ക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികളെ (പിഐഎകളെ) ഉള്‍പ്പെടുത്തുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങും എസ്. ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പി. ഐ. എകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഡി. ഡി. യു. ജി. കെ. വൈ മികച്ച രീതിയില്‍ സംസ്ഥാനത്ത് നടപ്പാക്കിയതിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു. ആദ്യ വര്‍ഷം ഇന്ത്യയില്‍ മികവില്‍ മൂന്നാമതെത്തിയ കുടുംബശ്രീ രണ്ടാം വര്‍ഷം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ഒന്നാം സ്ഥാനം പ്രതീക്ഷിക്കുന്നതായി ഹരികിഷോര്‍ പറഞ്ഞു. മികവിനുള്ള അംഗീകാരമായി ആദ്യ ഘട്ടത്തില്‍ കേരളത്തിന് 200 കോടി രൂപ ലഭിച്ചിരുന്നു.
രണ്ടാം ഘട്ടത്തില്‍ പുതിയതായി 28 ഏജന്‍സികളാണ് കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പുവച്ചത്. കഴിഞ്ഞ തവണ മികച്ച പ്രവര്‍ത്തനം നടത്തിയ എട്ട് ഏജന്‍സികള്‍ക്ക് എ ഗ്രേഡ് ലഭിച്ചു. ദീര്‍ഘകാല കോഴ്സുകള്‍ നടത്തണമെന്നും റസിഡന്‍ഷ്യല്‍ കാമ്പസുകള്‍ ആരംഭിക്കണമെന്നും ഹരികിഷോര്‍ നിര്‍ദ്ദേശിച്ചു. ആദ്യ ഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ 5000 പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന നല്‍കി. ആദിവാസി വിഭാഗത്തിലെ 800 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. സംസ്ഥാന ടീം ലീഡര്‍ ഷിബു, തിരുവനന്തപുരം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കെ. ആര്‍. ഷൈജു എന്നിവര്‍ സംസാരിച്ചു.
Discussion about this post