ദില്ലി: രാഷ്ട്രപതി പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ശക്തവും സുരക്ഷിതവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കാനായാണ് ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കി എന്‍ഡിഎ സര്‍ക്കാരിന് രണ്ടാമതും അവസരം നല്‍കിയതെന്നും ജനങ്ങളുടെ അഭിലാഷത്തിനൊത്ത് ഈ സര്‍ക്കാര്‍ ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. അനധികൃത കുടിയേറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും അതിര്‍ത്തിയില്‍ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി കുടിയേറ്റം തടയുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നാക്കുന്ന കാര്യത്തിലെ ബിജെപി നിലപാടും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി സൂചിപ്പിച്ചു. അടിക്കടിയുണ്ടാവുന്ന തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ വികസനത്തെ പിന്നോക്കം വലിക്കുകയാണെന്നും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക വഴി ഈ പ്രശ്‌നം ഒഴിവാക്കാന്‍ സാധിക്കുമെന്നും രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്ത്രീസമത്വം ഉറപ്പാക്കാന്‍ മുത്തലാഖ് പോലുള്ള അനാചാരങ്ങള്‍ നിരോധിക്കേണ്ടത് അനിവാര്യമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകം ഇന്ത്യയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഐക്യരാഷട്രസഭയുടെ നടപടി. ഗംഗശുചീകരണം മാതൃകയാക്കി കാവേരി, പെരിയാര്‍, മഹാനദി, നര്‍മ്മദ,ഗോദാവരി എന്നീ നദികളും മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കും. രാജ്യസുരക്ഷയ്ക്കായി മിന്നല്‍ ആക്രമണം പോലെയുള്ള നടപടികള്‍ ഇനിയും സ്വീകരിക്കുമെന്നും ഇന്ത്യയെ ആക്രമിക്കുന്നവര്‍ അതിനുള്ള വില കൊടുക്കേണ്ടി വരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മിന്നല്‍ ആക്രമണത്തെക്കുറിച്ചും മസൂദ്ദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെക്കുറിച്ചും പരാമര്‍ശങ്ങള്‍ സഭയില്‍ ഹര്‍ഷാരവം ബിജെപി എംപിമാര്‍ സ്വീകരിച്ചു.
Discussion about this post