തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് പ്രവേശനത്തിന്റെ പേരില്‍ ഇപ്പോള്‍ സമരം നടത്തുന്ന വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം എവിടെയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ കോളേജുകളില്‍ പ്രവേശന പ്രക്രിയ നടന്ന അതേനില തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഏതു കാര്യത്തിലാണ് ഈ സര്‍ക്കാര്‍ മാറ്റം വരുത്തിയതെന്ന് സമരക്കാര്‍ വിശദീകരിക്കണം. ഭരണം മാറിയപ്പോള്‍ സമരം എന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസം സംബന്ധിച്ച യു.ഡി.എഫിന്റെ മുന്‍നിലപാടില്‍ ഒരുമാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടിയായി അറിയിച്ചു.
വിദ്യാര്‍ഥി സമരത്തിന് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതുസംബന്ധിച്ച ചോദ്യത്തിന് ഞാന്‍ പറഞ്ഞു വാങ്ങിയ ഗ്രനേഡല്ല പോലീസ് ഉപയോഗിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്‍ സര്‍ക്കാര്‍ ഗ്രനേഡ് പ്രയോഗിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് അന്ന് യു.ഡി.എഫ്. വിദ്യാര്‍ഥി സംഘടനകള്‍ ജനാധിപത്യപരമായി സമരം നടത്തിയതിനാല്‍ അതൊന്നും ഉപയോഗിക്കേണ്ടിവന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Discussion about this post