തിരുവനന്തപുരം: 2020ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ സെപ്തംബര്‍ 15നോ അതിനു മുമ്പോ ഓണ്‍ലൈനായി സമര്‍പ്പിക്കാം. www.padmaawards.gov.in ആണ് പോര്‍ട്ടല്‍.
സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ കണ്‍വീനറായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരടങ്ങുന്ന ഒരു മന്ത്രിസഭാ ഉപസമിതിക്ക് (സെര്‍ച്ച് കമ്മിറ്റി) രൂപം കൊടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവര്‍ അതിനുള്ള അപേക്ഷ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ വിലാസത്തില്‍ (ഒന്നാം നില, നോര്‍ത്ത് സാന്‍വിച്ച്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001) ജൂലൈ 31നകം ലഭ്യമാക്കണം.
പത്മ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക് നേരിട്ടും അപേക്ഷ നല്‍കാം. കൂടാതെ സംഘടനകള്‍ക്കും നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാറ്റിയൂട്ട്സ്, റൂള്‍സ് എന്നിവ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ (http://padmaawards.gov.in/SelectionGuidelines.aspx) ലഭ്യമാണെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.
Discussion about this post