തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലിന്റെ ഗുണമേന്‍മ വിലയിരുത്താന്‍ ചെക്‌പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധന ഏര്‍പ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. പാറശ്ശാലയില്‍ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വി.ജെ.ടി. ഹാളില്‍ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലിന്റെ ഗുണമേന്‍മ ഉറപ്പു വരുത്തിയശേഷമേ സംസ്ഥാനത്തേക്ക് കടത്തിവിടാന്‍ അനുവദിക്കൂ. ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒരു വെറ്ററിനറി ആശുപത്രി എന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാല്‍ വിസ്തൃതി കൂടിയതും കന്നുകാലികള്‍ കൂടുതലുമുള്ള പഞ്ചായത്തുകളില്‍ ഒന്നിലധികം വെറ്ററിനറി ആശുപത്രികള്‍ സ്ഥാപിക്കും. കാലാവസ്ഥാ വ്യതിയാനം കന്നുകാലികളേയും ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് പുതിയ പ്രജനന നയം കൊണ്ടുവരാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ദേശീയനയം വ്യക്തമാക്കുന്ന പോലെ നാടന്‍പശുക്കളെ വളര്‍ത്താന്‍ കര്‍ഷകര്‍ തയാറാകണം. കന്നുകാലികളുടെ എണ്ണം കുറഞ്ഞു വരുന്ന സ്ഥിതി അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പോലും പശു, കോഴി വളര്‍ത്തലിനു തയാറാകണം. പാല്‍, മുട്ട, ഇറച്ചി എന്നിവയില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകണം. എല്ലാവരും കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കര്‍ഷകസംഗമത്തിന് ആശംസ നേര്‍ന്നു. ചടങ്ങില്‍ വി. എസ്. ശിവകുമാര്‍ എം. എല്‍ എ. അധ്യക്ഷത വഹിച്ചു. വകുപ്പിന്റെ 2018-19 വര്‍ഷത്തെ പ്ലാന്‍ പദ്ധതികളുടെ ഡോക്യുമെന്ററി എം. എല്‍. എ മന്ത്രിക്ക് കൈമാറി പ്രകാശനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ഈ വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു നിര്‍വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. പി. സി. സുനില്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. തിയഡോര്‍ ജോണ്‍, എന്‍. രാജന്‍, കല്ലട രമേശ്, പാളയം വാര്‍ഡ് കൗണ്‍സിലര്‍ ഐഷ ബേക്കര്‍, നാഗേഷ് എസ്.എസ്, എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയില്‍ നിന്നുള്ള 700 ഓളം കര്‍ഷകരാണ് സംഗമത്തിനെത്തിയത്. കര്‍ഷകരും മന്ത്രിയും പരസ്പരം സംവദിക്കുന്ന മുഖാമുഖം പരിപാടി നടന്നു. ക്ഷീരോല്പാദക മേഖല ലാഭകരമാക്കാന്‍ എന്ന വിഷയത്തില്‍ ഡോ ആര്‍. വേണുഗോപാല്‍ സെമിനാര്‍ അവതരിപ്പിച്ചു.
Discussion about this post